സ്വന്തം ലേഖകൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരുമാണ് ഇന്നു ചുമതലയേൽക്കുന്നത്.
സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി കോവിഡ് ചട്ടം പാലിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 21 മന്ത്രിമാരും ആലപ്പുഴയിൽ വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ഇന്ന് രാവിലെ ഒന്‍പതിന് പിണറായി വിജയന് പുഷ്പചക്രം സമര്‍പ്പിച്ച് പുഷ്പാര്‍ച്ചനയ്ക്കു തുടക്കം കുറിച്ചു. തുടര്‍ന്ന് നിയുക്തമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി.
നിയുക്തസ്പീക്കറും എല്‍ഡിഎഫ് കണ്‍വീനറും മറ്റ് പ്രമുഖ നേതാക്കളും ആദരമര്‍പ്പിച്ചു. പിന്നീട് ആലപ്പുഴ വലിയചുടുകാട്ടിലെത്തി രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു
അതിനുശേഷം സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേക്കു തിരിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു സത്യപ്രതിജ്ഞാ ചടങ്ങെന്നാണു പറയുന്നത്.
ചടങ്ങിൽ ആളെ പരാമവധി കുറയ്ക്കുമെന്നാണു മുഖ്യമന്ത്രി ഇന്നലെയും ആവർത്തിച്ചത്. ക്ഷണിച്ചവരിൽ പലരും ഈ കാലയളവിൽ വരില്ലെന്നു അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. അതേസമയം, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങിൽ പങ്കെടുക്കും.
400 പേർക്ക് സീറ്റ്
240,000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രദേശത്തു 400 പേർക്ക് ഇരിക്കാവുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നു അധികൃതരും പറയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം രാജ്ഭവനിൽ ചായസത്കാരവും തുടർന്ന് ആദ്യ മന്ത്രിസഭാ യോഗവും ചേരും.
എന്നാൽ, കോവിഡ് വ്യാപനവും തിരുവനന്തപുരത്തു ട്രിപ്പിൾ ലോക്ഡൗണും നിലവിലിരിക്കുന്നതിനിടയിൽ 500 പേരെ പങ്കെടുപ്പിച്ചു കൊണ്ടു സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള സർക്കാർ നടപടി ഏറെ വിവാദത്തിനും ഇടയാക്കിയിരുന്നു.
കോവിഡ് കാലത്തു സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം ചടങ്ങിൽനിന്നു വിട്ടു നിൽക്കും. സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം ഗവർണർക്കും പരാതി നൽകി.
സംഗീത പരിപാടി
സത്യപ്രതിജ്ഞാ ചടങ്ങിനു മുൻപു ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന നവകേരള ഗീതാഞ്ജലി ഒരുക്കും. വെർച്വൽ സംഗീതാവിഷ്കാരമാണ് ഒരുക്കുന്നത്. കെ.ജെ. യേശുദാസ്, എ.ആർ. റഹ്മാൻ, ഹരിഹരൻ, പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, അംജദ് അലിഖാൻ തുടങ്ങിയവർ തുടർ ഭരണത്തിനു സംഗീതത്തിലൂടെ ഭാവുകമോതും.
ഇ.എംഎസ്. മുതൽ പിണറായി സർക്കാരുകൾ വരെ കേരളത്തെ എങ്ങനെ മാറ്റിമറിച്ചുവെന്നു വിളംബരം ചെയ്യുന്നതാണ് സംഗീത ആൽബം.
ചടങ്ങ് കേരള സർക്കാർ വെബ് സൈറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തത്സമയം കാണാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
ഏതാനും സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും ചടങ്ങിനെത്തും. പങ്കെടുക്കുന്നവർ 2.45 ന് മുൻപ് സ്റ്റേഡിയത്തിൽ എത്തണമെന്നാണു നിർദേശം.
പ്രവേശനത്തിനു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ടു വാക്സിനേഷൻ പൂർത്തീകരിച്ച രേഖ നിർബന്ധമാണ്.
ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകുന്നേരം നടക്കാനിരിക്കെ സർക്കാരിന് ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല.
ഫോണിലൂടെ മുഖ്യമന്ത്രിയെ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകൾ അറിയിച്ചത്. കോവിഡിനെ തുടർന്ന് യുഡിഎഫ് എംഎൽഎമാർ വൈകുന്നേരത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ല.