വയനാട്: ദുരന്തമുണ്ടായപ്പോൾ ഒത്തൊരുമയോടെ നേരിട്ട കൂട്ടായ്മ കൈവിടരുതെന്നും പുനരധിവാസത്തിനും കൂട്ടായ്മയോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് രക്ഷാപ്രവർത്തനത്തിനാണ്. സാധ്യമായ എല്ലാ സഹായവുമായി സർക്കാർ ഒപ്പമുണ്ടാകും. എല്ലാവരും ഒന്നിച്ചുനിന്നാൽ ദുരന്തത്തെ അതിജീവിക്കാമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സി.കെ.ശശീന്ദ്രൻ എംഎൽഎ, ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
കവളപ്പാറ, പുത്തുമല തുടങ്ങിയ ഏറ്റവും അധികം നാശമുണ്ടായ പ്രദേശങ്ങളിലെ ആളുകളാണ് മുഖ്യമന്ത്രി സന്ദർശിച്ച ക്യാന്പിൽ കഴിയുന്നത്. വയനാട് കളക്ട്രേറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗവും ചേരുന്നുണ്ട്.