തിരുവനന്തപുരം: ഇത് വെള്ളരിക്കാപ്പട്ടണമല്ല, സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇതിനു മുന്‍പും മന്ത്രിമാര്‍ വിദേശയാത്ര നടത്തിയിട്ടുണ്ട്. സ്വന്തം പണം മുടക്കി വിദേശയാത്ര പോകാനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി.
രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്നവരും ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര പോകാറുണ്ട്. ഭാരത് ജോഡോ യാത്ര കഴിഞ്ഞ ശേഷം ആരോടും പറയാതെ രാഹുല്‍ ഗാന്ധി കുറച്ചു ദിവസത്തേക്ക് വിദേശത്തേക്ക് പോയി.
അതേക്കുറിച്ച് ഒരു ചര്‍ച്ചയും മാധ്യമങ്ങള്‍ നടത്തിയില്ല. സിപിഎമ്മുകാര്‍ മാത്രം സ്വന്തം കാശ് മുടക്കി വിദേശയാത്ര പോകാന്‍ പാടില്ല എന്നൊരു നിലപാടില്‍നിന്നു മാധ്യമങ്ങള്‍ പിന്തിരിയണം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഏഴ് മന്ത്രിമാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി പലതവണ വിദേശയാത്ര നടത്തി. ഇതൊന്നും പറയാതെ കേരളത്തിലെ ആദ്യത്തെ സംഭവം എന്ന നിലയിലാണ് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയെക്കുറിച്ച് ചര്‍ച്ച നടത്തുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോണ്സര് ആരാണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം ശരിയല്ല. മുഖ്യമന്ത്രിയുടെ യാത്ര രാജ്ഭവനെ അറിയിക്കേണ്ട കാര്യമില്ല. ഗവര്‍ണര്‍ എല്ലാ കാര്യങ്ങളും സര്‍ക്കാരിനെ അറിയിച്ചിട്ടാണോ ചെയ്യുന്നതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി ചോദിച്ചു.
ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന കാലത്ത് മുഖ്യമന്ത്രി വിദേശയാത്ര പോകുമ്പോള്‍ ചുമതല കൈമാറേണ്ടകാര്യമില്ല. മന്ത്രിസഭാ യോഗം നീട്ടിവച്ചത് അജണ്ടകള്‍ കുറവുള്ളതുകൊണ്ടാണ്. ചില ആഴ്ചകളില്‍ അജണ്ടകള്‍ കൂടുതലായിരിക്കും, ചില ആഴ്ചകളില്‍ കുറവായിരിക്കും.
ഒരു മന്ത്രിസഭാ യോഗത്തിന് ചര്‍ച്ച ചെയ്യാന്‍വേണ്ടി മാത്രം അജണ്ടകള്‍ ഈ ആഴ്ചയുണ്ടായിരുന്നില്ല.