കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് വന്ദേ ഭാരതിൽ യാത്രചെയ്യും. മുഖ്യമന്ത്രിയുടെ ആദ്യ വന്ദേഭാരത് യാത്രയാണിത്.
മകൾ വീണാ വിജയന്റെ പേരിൽ ആരോപണങ്ങളുയർന്ന സാഹചര്യത്തിലും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമിസർവേ നടപടികൾ ആരംഭിച്ചതിനാലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ കനത്ത സുരക്ഷയിലായിരിക്കും മുഖ്യമന്ത്രിയുടെ യാത്ര.
മുഖ്യമന്ത്രി യാത്രചെയ്യുന്ന കോച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും.വിമാനത്തിൽ മുൻപ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായതും സുരക്ഷ ശക്തമാക്കാൻ കാരണം.
വന്ദേ ഭാരത് എക്സ്പ്രസിന് നിരന്തരം കല്ലേറുണ്ടാകുന്നതിനാൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തീവണ്ടി പുറപ്പെടുംമുൻപ് ഡ്രോൺ പറത്തിയും പരിശോധനയുണ്ടാകും.വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ള എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ വൻ സുരക്ഷയാണ് ഒരുക്കുന്നത്.
കൂത്തുപറമ്പിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങളെന്ന് പോലീസ് അറിയിച്ചു.