എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെയുള്ള സാന്പത്തിക തട്ടിപ്പ് കേസ് പ്രതിരോധിക്കാനാകാതെ സി.പി.എം. പാർട്ടിക്കെതിരേയും നേതാക്കൾക്കെതിരേയും ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്പോൾ അതിനെ പ്രതിരോധിക്കാനെത്തുന്ന പ്രവർത്തകരോ നേതാക്കളോ ഇതുവരെ കോടിയേരിയുടെ മകനെതിരെയുള്ള ആരോപണത്തെ പ്രതിരോധിക്കാൻ ശക്തമായി മുന്നോട്ടു വന്നിട്ടില്ല.
പാർട്ടി സമ്മേളനങ്ങളും നിയമസഭയും ചേരുന്ന അവസരത്തിൽ സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉയർന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾക്കെല്ലാം കടുത്ത അതൃപ്തിയാണുള്ളത്.
ഈ പ്രശ്നം നേരത്തെ തന്നെ കോടിയേരിയുടെ ശ്രദ്ധയിൽവന്നതാണ്. ഇതു മാധ്യമങ്ങളിൽ വാർത്തയാകുന്നതിന് മുന്പ് പരിഹരിക്കാത്തതിൽ കടുത്ത അതൃപ്തിയാണ് പിണറായി ഇന്നലെ കോടിയേരിയെ അറിയിച്ചത്. ഇന്നലെ എ.കെ.ജി സെന്ററിൽ വച്ച് കോടിയേരിയും പിണറായിയും കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭയിൽ പ്രതിപക്ഷത്തിന് ഇത്രയും ശക്തമായ ആയുധം നൽകിയതിൽ മിക്കനേതാക്കൾക്കും അതൃപ്തിയാണ്.
പാർട്ടിയെ എപ്പോഴും പ്രതിരോധിക്കുന്ന സൈബർ പോരാളികളടക്കം ചോദിക്കുന്നത് പാർട്ടി സെക്രട്ടറിയുടെ മകന് 13 കോടിയുടെ ബിസിനസ് നടത്താൻ തക്ക സാന്പത്തിക സ്ത്രോതസ് എവിടെ നിന്നാണെന്നാണ്. ബക്കറ്റ് പിരിവ് നടത്തി പാർട്ടി പ്രവർത്തനം നടത്തിയ കാലത്ത് നിന്ന് കോടികളുടെ ബിസിനസിലേയ്ക്ക് നേതാക്കളുടേയും മക്കളുടേയും വളർച്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നതാണ്.
ഇപ്പോഴത്തെ വിവാദത്തോടെ അത് വീണ്ടും ശക്തമായിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിക്ക് ലഭിച്ച പരാതി ചോർന്നതിനെ സംസ്ഥാന നേതൃത്വവും ഗൗരവമായി തന്നെയാണ് കാണുന്നത്. യെച്ചൂരി അറിയാതെ ഈ പരാതിയുടെ കോപ്പി എങ്ങനെ പുറത്തു പോകുമെന്നാണ് സംസ്ഥാന നേതൃത്വം ചോദിക്കുന്നത്. കാരാട്ടിനോടൊപ്പം ശക്തമായി നിലനിന്നത് കേരള നേതൃത്വത്തിന് യെച്ചൂരിയും കൂട്ടരും നൽകിയ ഷോക്ക് ട്രീറ്റ്മെന്റായിട്ടാണ് കരുതുന്നത്. ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ വിയർക്കുകയാണ് സംസ്ഥാന നേതൃത്വം.
ഏത് വിഷയം വന്നാലും അതിനെ പ്രതിരോധിക്കാൻ മുന്നിൽ നിൽക്കുന്ന കണ്ണൂർ ലോബി ഇക്കാര്യത്തിൽ പിന്നോട്ടു വലിഞ്ഞു നിൽക്കുകയാണ്. കണ്ണൂരു കാരനാണെങ്കിലും നേരത്തെ തന്നെ കോടിയേരിയോട് കണ്ണൂർ ലോബിയ്ക്ക് അത്ര പഥ്യമല്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിവാദത്തിൽ ചാടിക്കയറി ഇടപെടേണ്ടെന്ന നിലപാടിലാണവർ.
ഈ വിവാദം എത്രയും പെട്ടെന്ന് ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ തലസ്ഥാനത്ത് തിരക്കിട്ട ചില ചർച്ചകൾ നടന്നിരുന്നു. പണം കൊടുത്ത് എത്രയും വേഗം ഈ വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമം നടക്കുകയാണ്.
പാർട്ടി നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഗൾഫിലെ തന്നെ ചില വ്യവസായികൾ തന്നെയാണ് ഇതിന് മുന്നിൽ നിൽക്കുന്നത്. ഇന്നു കൊണ്ട് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രതിരോധിക്കാൻ സർക്കാരുണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പ് പിണറായിയും കേന്ദ്രനേതൃത്വം ഈ വിഷയത്തിൽ ഇടപെടില്ലെന്ന സൂചന യെച്ചൂരിയും നൽകിയതോടെ കടുത്ത സമ്മർദ്ദത്തിലാണ് കോടിയേരി.