കോട്ടയം: മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശനവിപണനമേള ഇന്നു മുതല്‍ 30 വരെ നാഗമ്പടം മൈതാനത്തു നടക്കും. വാര്‍ഷികാഘോഷത്തിന്റെയും പ്രദര്ശനവിപണനമേളയുടെയും ജില്ലാതല ഉദ്ഘാടനം വൈകുന്നേരം നാഗമ്പടം മൈതാനത്ത് മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്കാരികഘോഷയാത്ര സംഘടിപ്പിക്കും.
മേളയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാസ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45,000 ചതുരശ്ര അടി ശീതീകരിച്ച പവലിയന് ഉള്‍പ്പെടെ 69,000 ചതുരശ്ര അടിയിലാണ് പ്രദര്‍ശന വിപണനമേള. എല്ലാദിവസവും രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.
കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനം, ആധുനികസാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സാംസ്കാരിക-കലാപരിപാടികള്‍, മെഗാ ഭക്ഷ്യമേള, വിവിധ തൊഴിലുകളിലേര്‍പ്പെട്ടിട്ടുള്ളവരുടെയും സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെയും സംഗമങ്ങള്‍, കായികവിനോദപരിപാടികള്, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തല്‍, സ്റ്റാര്‍ട്ടപ്പ് മിഷന്, ശാസ്ത്രസാങ്കേതിക പ്രദര്‍ശനങ്ങള്‍, സ്പോര്‍ട്സ്, സ്കൂള്‍ മാര്‍ക്കറ്റ്, കായികവിനോദം, പോലീസ് ഡോഗ് ഷോ, മിനി തിയേറ്റര്‍ ഷോ എന്നിവ മേളയുടെ ഭാഗമാകും. വിവിധ വകുപ്പുകള്‍ സൗജന്യമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കും.
മേളയോടനുബന്ധിച്ചു നാളെ രാവിലെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധസംഗമം നടക്കും. ഉച്ചകഴിഞ്ഞ് ഭിന്നശേഷി കലാനിപുണരുടെ സംഗമം. 27ന് രാവിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആശാപ്രവര്‍ത്തകരുടെ സംഗമം. ഉച്ചകഴിഞ്ഞ് ക്ഷീരകര്‍ഷകസംഗമം. 28നു രാവിലെ ഹരിതകര്‍മസേന സംഗമം. ഉച്ചകഴിഞ്ഞ് കര്‍ഷകകര്‍ഷകത്തൊഴിലാളി സംഗമം. 30ന് രാവിലെ അങ്കണവാടി ജീവനക്കാരുടെ സംഗമവും ഉച്ചകഴിഞ്ഞ് ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും സംഘടിപ്പിക്കും. വൈകുന്നേരങ്ങളില്‍ പ്രമുഖ കലാകാരന്മാര് പങ്കെടുക്കുന്ന കലാവിരുന്ന് ഒരുക്കിയിട്ടുണ്ട്.