കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിലെ വീടിനു മുന്നിൽ ഇനി തോക്കേന്തിയ പോലീസുകാർ കാവൽ നിൽക്കും. രണ്ടു ഹെഡ് കോൺസ്റ്റബിളും നാലും പോലീസുകാരും അടങ്ങുന്ന ഗാർഡാണ് സുരക്ഷയൊരുക്കുന്നത്. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം സുരക്ഷയൊരുക്കിയത്.
കഴിഞ്ഞദിവസം കണ്ണൂരിൽനിന്നെത്തിയ പിണറായി വിജയൻ പിണറായിലെ വീട്ടിൽ വന്നത് മുതലാണ് കാവൽ. ഇനി മുതൽ പിണറായിലെ വീട്ടിൽ മുഖ്യമന്ത്രിയെ കാണാൻ എത്തുന്നവർ ദേഹപരിശോധന ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ പൂർത്തിയാക്കാതെ മുഖ്യമന്ത്രിയെ കാണാൻ സാധിക്കില്ല.
മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ മാസം മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഡൽഹിയിലും മറ്റും മുഖ്യമന്ത്രി യാത്ര ചെയ്യുന്പോൾ ബുള്ളറ്റ് പ്രൂഫ് വാഹനം ഉൾപ്പെടെയുള്ള കവചിത വാഹനങ്ങളുടെ സുരക്ഷയിലാണ് മുഖ്യമന്ത്രി.