തിരുവനന്തപുരം: ലോക്കപ്പിനകത്തു തല്ലുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന പോലീസുകാർ ഇനി സർവീസിൽ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ സർവീസിൽനിന്നു നീക്കുന്ന നടപടിയുണ്ടാകും. പോലീസ് സ്റ്റേഷനുകളിൽ എന്തു നടക്കുന്നുവെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയണം. സ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു കൂടിയുണ്ടെന്നും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു.
നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രാജ്കുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് തന്നെ അന്വേഷിക്കുന്നത് കേസ് അട്ടിമറിക്കാൻ വേണ്ടിയാണെന്നും ഇക്കാര്യത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷവും ബിജെപിയും നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു പ്രാഥമിക അന്വേഷണം നടന്നു വരികയാണെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിക്കാതെ ആർക്കെതിരേയും നടപടിയിലേക്കു നീങ്ങാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു പ്രാഥമികാന്വേഷണ റിപ്പോർട്ട് ഏതാനും ദിവസത്തിനകം ലഭിക്കും. പോലീസ് സേനയ്ക്കു ചേരാത്ത നടപടി സ്വീകരിച്ചിട്ടുണ്ടെ ങ്കിൽ കർക്കശ നിലപാട് സർക്കാർ സ്വീകരിക്കും. തെറ്റു ചെയ്ത പോലീസുകാരെ ന്യായീകരിക്കുന്ന ഒരു കാലം ഇവിടെയുണ്ടായിരുന്നു. ഇനി അതു നടക്കില്ല.
രാജ്കുമാറിനെ ജൂണ് 15ന് അറസ്റ്റ് ചെയ്ത ശേഷം 16നു ജയിലിൽ എത്തിക്കുമ്പോൾ ഭക്ഷണം കഴിക്കാനും പ്രാഥമിക കൃത്യങ്ങൾക്കും ബുദ്ധിമുട്ടു നേരിട്ടിരുന്നതായി ജയിൽ ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണം കഴിക്കാൻ പോലും സഹതടവുകാരുടെ സഹായം വേണ്ടിയിരുന്നുവെന്നാണു റിപ്പോർട്ട്. 19, 20 തീയതികളിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി നെടുങ്കണ്ട ത്തു തിരിച്ചു കൊണ്ടുവന്നതായി പറയുന്നുണ്ട്. ഇത്രയും ഗുരുതരാവസ്ഥയിലുള്ള വ്യക്തിയെ കോട്ടയത്തു കൊണ്ടുപോയി തിരിച്ചുകൊണ്ടു വന്നതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കോണ്ഗ്രസിൽനിന്ന് പുറത്താക്കിയ പഞ്ചായത്ത് അംഗം ആലീസ് തോമസ് 28നു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജ്കുമാറിനെ മർദിച്ചവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
രാജ്കുമാർ മരിച്ച ശേഷം 28നു നാട്ടുകാരെ പ്രതിയാക്കി പോലീസ് കേസെടുത്തത് പോലീസുകാർ ഉൾപ്പെട്ട കസ്റ്റഡി മരണക്കേസ് അട്ടിമറിക്കുന്നതിനാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയ വി.ഡി. സതീശൻ പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള വ്യക്തിയെ അഞ്ചു ദിവസം ആശുപത്രിയിൽ എത്തിക്കാതെ ജയിലിൽ എന്തിനു സൂക്ഷിച്ചു? സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗോപീകൃഷ്ണൻ പ്രസിഡന്റായ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് രാജ്കുമാർ സമാഹരിച്ച തുക ശേഖരിച്ചതെന്നും ഇതിൽ ഇവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പറയുന്ന വാക്കിനു കീറച്ചാക്കിന്റെ വിലപോലുമില്ലെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വരാപ്പുഴ ശ്രീജിത്തിനെ തല്ലിക്കൊന്ന പോലീസുകാർ ഇപ്പോൾ സർവീസിൽ തുടരുകയാണ്. സംഭവത്തിന് ഉത്തരവാദിയായ എസ്പിയെ ഡിഐജിയാക്കി സ്ഥാനക്കയറ്റം നൽകി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറാക്കി. രാജ്കുമാർ പിരിച്ച കോടികൾ തട്ടിയെടുക്കാനാണ് മൂന്നു ദിവസം അജ്ഞാത കേന്ദ്രത്തിൽ കൊണ്ടുപോയി മർദിച്ചത്. സാന്പത്തിക തട്ടിപ്പിനു പിന്നിലുള്ള വൻസംഘത്തെക്കുറിച്ച് അന്വേഷിക്കണം.
സിപിഎം നേതാക്കളായ സഹകരണസംഘം പ്രസിഡന്റ്, ബോർഡ് അംഗങ്ങൾ എന്നിവരുടെ പങ്ക് അന്വേഷിക്കണം. ജുഡീഷൽ അന്വേഷണത്തിലൂടെ മാത്രമേ പങ്കു പുറത്തു കൊണ്ടുവരാനാകൂ. രണ്ടര വർഷമായി ഇടുക്കിയിൽ തുടരുന്ന ജില്ലാ പോലീസ് മേധാവിയെക്കുറിച്ചു വ്യാപക പരാതികളാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഒ.രാജഗോപാൽ എന്നിവരും പ്രസംഗിച്ചു.