ഹരിപ്പാട്: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സംഘടനാ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും പുകഴ്ത്തിയ പ്രതിനിധികൾ മുൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരേ രൂക്ഷ വിമർശനം ഉയർത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുദിവസം ഇ.പി. ജയരാജൻ വാർത്താ സമ്മേളനം നടത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി.
കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ച പാർട്ടി പക്ഷേ, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചായ സത്ക്കാരത്തിൽ പങ്കെടുത്ത ഇ.പി.ജയരാജനെതിരേ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന വിമർശനവും ഉയർത്തി. മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ വോട്ട് ചോർച്ചയും ബിജെപിയിലേക്കുള്ള പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ഗൗരവമായി കാണണം.
ചില പോലീസ് ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുകയാണെന്നും ഇത്തരക്കാർക്കെതിരേ കർശന നടപടി വേണമെന്നും പ്രതിനിധികൾ സംഘടനാ ചർച്ചയിൽ ആവശ്യപ്പെട്ടു. മന്ത്രി വീണാ ജോർജിനെതിരേയും ആരോഗ്യവകുപ്പിനെതിരേയും വിമർശനം ഉയർന്നു.എന്നാൽ മന്ത്രി സജി ചെറിയാന്റെ നിലപാടുകളെ പ്രതിനിധികൾ പിന്തുണച്ചു.
സംഘടനാ ചർച്ച ഇന്നും തുടരും. ഇതിനിടയിൽ കായംകുളം, അമ്പലപ്പുഴ, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള ഏരിയ കമ്മിറ്റികളുടെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി രേഖപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി പിണറായി വിജയൻ നൽകി. തെരഞ്ഞെടുപ്പിലെ വോട്ടുചോർച്ചയിൽ താഴേത്തട്ടു മുതലുള്ള പാർട്ടിഘടകങ്ങളിൽ പരിശോധന നടത്താത്തതിലെ അതൃപ്തിയും പിണറായി പങ്കുവച്ചു.
വിഭാഗീയതയുടെ തുരുത്തുകൾ
ആലപ്പുഴ ജില്ലയിൽ വിഭാഗീയതയുടെ തുരുത്തുകൾ ഇനിയുംഅവശേഷിക്കുകയാണ്.വിഭാഗീയത ഇപ്പോഴും തുടരുന്നതിലുള്ള കടുത്ത അതൃപ്തിയാണ് പിണറായി പ്രകടിപ്പിച്ചത്. ആശയപരമായ ഭിന്നതയേക്കാൾ നേതാക്കളുടെ പേരിൽ അറിയപ്പെടുന്ന ഗ്രൂപ്പുകളാണ് ആലപ്പുഴയിലെ സിപിഎം വിഭാഗീയതയുടെ പ്രത്യേകത. വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്ക് ഏതെങ്കിലും നേതാക്കളുടെ പിന്തുണ ഉണ്ടാകുമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കണമെന്ന നിർദേശം പാർട്ടി സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു. അത്തരം ഒരു പരിശോധന ബ്രാഞ്ച് മുതലുള്ള ഘടകങ്ങളിൽ നടക്കാത്തതിലുള്ള അതൃപ്തിയും പിണറായി മറച്ചുവച്ചില്ല. നഷ്ടപ്പെട്ട വോട്ട് തിരിച്ചു പിടിക്കണമെന്ന നിർദേശവും മുഖ്യ മന്ത്രി നൽകി. 46 ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കം 407 പേരാണ് പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ നടക്കുന്ന സമാപന സമ്മേളനവും മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ജി. സുധാകരൻ പങ്കെടുക്കാത്ത ആദ്യ ജില്ലാ സമ്മേളനം
ഹരിപ്പാട് : സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിലേക്ക് ക്ഷണിച്ചിട്ടും മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ പങ്കെടുത്തില്ല. ഇതോടെ 1975 നു ശേഷം ജി.സുധാകരൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമായി ഹരിപ്പാട് ജില്ലാ സമ്മേളനം മാറി. ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യം ആയിരുന്നു സുധാകരൻ. ഉദ്ഘാടനത്തിന് ശേഷം മടങ്ങി പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ എന്ന് കാണിച്ചാണ് സുധാകരൻ പങ്കെടുക്കാതിരുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനും സമാപന സമ്മേളനത്തിലും മാത്രമായിരുന്നു ജി. സുധാകരനെ ക്ഷണിച്ചിരുന്നത്.