തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ കെ. ആർ. സുഭാഷ്. കമ്മ്യൂണിസ്റ്റ് നിലപാടുകളിൽ നിന്ന് പിണറായി വിജയൻ വ്യതിചലിക്കുകയാണെന്നും അതിനാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുള്ള ഈ ഡോക്യുമെന്ററി പിൻവലിക്കുന്നു എന്ന് സംവിധായകൻ പറഞ്ഞു.
2016-ലാണ് പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറക്കിയത്. 2016ലെ തെരഞ്ഞെടുപ്പിൽ ‘യുവതയോട് അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണ് പുറത്തിറക്കിയത്. ആ സമയത്ത് ഏറെ ശ്രദ്ധേയമായ ഡോക്യുമെന്ററി ആയിരുന്നു ഇത്.
സത്യാവസ്ഥയാണ് ഡോക്യുമെന്ററിക്ക് പലപ്പോഴും ആധാരമാകുന്നത്. എന്നാൽ തന്റെ ഡോക്യുമെന്ററിയുടെ സത്യാവസ്ഥയും മൂല്യവും നഷ്ടപ്പെടുകയാണെന്നും സുഭാഷ് പറഞ്ഞു.
മുഖ്യമന്ത്രിമാരായി വി. എസ്. അച്യുതാനന്ദൻ ഉൾപ്പെടെ പ്രമുഖരായി പലരും എത്തിയിട്ടുണ്ട്. അവർക്കൊക്കെ കൃത്യമായ നിലപാടുണ്ടായിരുന്നു. എന്നാൽ പിണറായിക്ക് ഇപ്പോൾ നിലപാടില്ലാതെ ആയി മാറിയെന്ന് സുഭാഷ് കൂട്ടിച്ചേർത്തു.