എറണാകുളം ജനറൽ ആശുപത്രി ക്യാൻസർ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. 25 കോടി രൂപ ചെലവഴിച്ചാണ് ആറ് നിലകളുള്ള പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്.
കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഭാഗമായാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർണ പ്രവർത്തന സജ്ജമായത്.
സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്യാൻസർ സെന്റർ എറണാകുളത്ത് തയ്യാറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ കാൻസർ സെന്ററിനുണ്ട്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് നിർമ്മാണത്തിന് നേതൃത്വം നല്‍കിയത്.
ഔട്ട് പേഷ്യന്റ് യൂണിറ്റ്, കീമോതെറാപ്പി വാർഡ്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ വാർഡുകൾ, കാൻസർ ജനറൽ ഐ സി യു, കീമോതെറാപ്പിക്ക് വിധേയമാകുന്ന രോഗികൾക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റുകളെ അളവുകുറഞ്ഞാൽ അടിയന്തിര ചികിത്സ നൽകുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐ സി യു എന്നിവ പുതിയ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുണ്ട്.
കാൻസർ സെന്റർ യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. കാൻസർ പ്രതിരോധം രോഗനിർണയം ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകൾ ചുരുങ്ങിയ ചെലവിൽ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് പുതിയ കാൻസർ സെന്റർ വഴി ലക്ഷ്യമിടുന്നത്.