തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കെ വീണ്ടും ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജില്ലകളിലേക്കു പോകുന്നു. നവകേരള സദസിൽ പൗര പ്രമുഖരുമായാണു മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചിരുന്നതെങ്കിൽ ഇത്തവണ സാധാരണക്കാരുമായി മുഖാമുഖം പരിപാടി നടത്താനാണ് തീരുമാനം.
ഈ മാസം 18 മുതൽ മാർച്ച് മൂന്നു വരെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും മുഖാമുഖം പരിപാടിയുമായി ജില്ലകളിലെത്തും. ജില്ലകളിലെ വിദ്യാർഥി- യുവജന-വനിത- സാംസ്കാരിക- ആദിവാസി- ദളിത്- ഭിന്നശേഷി- വയോജന പ്രതിനിധികളുമായി മുഖാമുഖം നടത്തും. കൂടാതെ പെൻഷൻകാരുടെ സംഘടനാ പ്രതിനിധികൾ, തൊഴിലാളി- കർഷക- റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവരുമായി സംവാദം നടത്തും. ഒരു ദിവസം ഒരു ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കും. രാവിലെ പ്രാതലോടെയാകും തുടങ്ങുക. ഒരു ജില്ലയിൽ എത്ര പരിപാടി വേണമെന്ന കാര്യത്തിൽ പിന്നീടാകും തീരുമാനിക്കുക.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി എന്ന ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒൻപതിന് കാസർഗോഡ് നിന്ന് തുടങ്ങുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധത തുറന്നുകാട്ടുകയാണു കോണ്‍ഗ്രസിന്റെ സമരാഗ്നിയുടെ ലക്ഷ്യം. ഇതിനു ബദലാകുക എന്ന ലക്ഷ്യവും മുഖ്യമന്ത്രിയുടെ മുഖാമുഖത്തിനുണ്ട്.
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സംബന്ധിച്ച് ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഓണ്‍ലൈനായി ചേർന്നു. യോഗത്തിൽ മന്ത്രിമാർ, സംസ്ഥാന ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി, മറ്റു വകുപ്പു മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
കെ. ഇന്ദ്രജിത്ത്