തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ ഹിറ്റ്ലറാണെന്നും ധിക്കാരിയാണെന്നും സുധാകരൻ പറഞ്ഞു. ജനാധിപത്യ അവകാശങ്ങൾക്ക് ഒരു നിലയും വിലയും നൽകാത്തയാളാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ വിമർശിച്ചു.
വേറെയും പലരും ഇതിനു മുൻപ് കേരളം ഭരിച്ചിട്ടുണ്ട്. ഇയാൾ മാത്രമല്ല മുഖ്യമന്ത്രി ആയിട്ടുള്ളത്. പോലീസിനെ കൺട്രോൾ ചെയ്യുന്നത് പി ശശിയാണെന്നും ഡിജിപിക്ക് ഒരു റോളും ഇല്ലെന്ന് കെ സുധാകരൻ ആരോപിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിലപാട് എടുക്കാൻ ആകുന്നില്ല. കറുത്ത കൊടി കാണിച്ചതും പ്രതിഷേധിച്ചതുമാണോ തെറ്റ്. എന്ത് തെറ്റാണ് തങ്ങളുടെ കുട്ടികൾ ചെയ്തതെന്ന് സുധാകരൻ ചോദിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന ഡിജിപി ഓഫിസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
കല്ലേറ് നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അതോടെ കെ. സുധാകരനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. അതോടെ വി. ഡി സതീശൻ പ്രസംഗം പകുതിക്ക്വച്ച് നിർത്തി.