കാസർഗോഡ്: വയനാട് പുനരധിവാസത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനുള്ള ദുരിതാശ്വാസ സഹായം കേന്ദ്രം നിഷേധിച്ചെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പകപോക്കൽ നിലപാടാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്തകാര്യമാണ് ഇത്. കേരളവും രാജ്യത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം നീതി നിഷേധിക്കാൻ പാടില്ല. ഈ നിലപാടിനെതിരേ നമ്മുടെ നാട്ടിൽ പ്രതിഷേധം ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ വയനാടിനായി കേരളത്തിൽ നിന്നുളള ബിജെപി എംപി ഒഴികെ ബാക്കി മുഴുവൻ എംപിമാരും ഒന്നിച്ചു നിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. കേരളത്തോട് കേന്ദ്ര സർക്കാര് പ്രതികാര മനോഭാവം കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ പറ്റാത്തത് കൊണ്ടാണ് ബിജെപിക്ക് കേരളത്തോട് ശത്രുത. കേരളത്തോട് പകപോക്കലാണ് കേന്ദ്രം നടത്തുന്നത്. എംപിമാർ നൽകിയ നിവേദനത്തിന് വസ്തുതാ വിരുദ്ധമായ മറുപടിയാണ് അമിത് ഷാ നൽകിയത്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ പറയാൻ പാടില്ലാത്ത നുണയാണ് അമിത് ഷാ പറയുന്നത്.
ഇനിയും കേന്ദ്രത്തോട് സംസാരിക്കും. അല്ലാതെ എന്ത് ചെയ്യും?. ജനങ്ങൾ ഇതൊക്കെ തിരിച്ചറിയണം. മറ്റ് സംസ്ഥാനങ്ങൾക്ക് പണം നൽകുന്നതിന് കേരളം എതിരല്ല. എന്നാൽ കേരളവും അതുപോലൊരു സംസ്ഥാനമല്ലേ. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമായ പണം അനുവദിക്കണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു.