കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും നേതൃത്വത്തിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ജില്ലാ കമ്മിറ്റികളിലും ആവർത്തിച്ചു.
സിപിഎമ്മിന്റെ ചരിത്രത്തിലില്ലാത്തവിധമാണ് നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഒട്ടുമിക്ക ജില്ലാ കമ്മിറ്റികളിലും ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് എന്നിവര്‍ക്കു നേരേയാണ് വിമര്ശനശരങ്ങളേറെയും. സംസ്ഥാനസമിതിയിലും ജില്ലാ കമ്മിറ്റികളിലും അതിരൂക്ഷ വിമര്‍ശം നേരിട്ടവരില്‍ മുന്നില്‍ പിണറായി തന്നെ.
സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ ബാലന്, ടി.എം തോമസ് ഐസക് എന്നിവര്‍ക്കെതിരേയും പല ജില്ലാ കമ്മിറ്റികളും തുറന്നടിച്ചു. സ്വന്തം തട്ടകമായ കണ്ണൂരില്‍ പോലും കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രിക്കുനേരെ ഉയര്‍ന്നത്. മകള്‍ വീണാ വിജയനെതിരേയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ പ്രതികരണമുണ്ടായി.
വീണയുടെ ഐടി സര്‍വീസ് കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് ആരോപിച്ചു. വീണയ്ക്കെതിരേയുള്ള ആരോപണങ്ങളില്‍ പിതാവെന്ന നിലയില്‍ പിണറായിയാണ് വ്യക്തത വരുത്തേണ്ടതെന്നും എ.കെ.ബാലനെപ്പോലുള്ളവര്‍ മുഖ്യമന്ത്രിയുടെ മെഗാഫോണ്‍ ആകേണ്ടെന്നും കണ്ണൂരിലെ സമ്മേളനത്തിൽ വിമർശനമുയർന്നു.
കാസർഗോഡ്, എറണാകുളം, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയും മകൾക്കെതിരേയുള്ള ആരോപണങ്ങളുമായിരുന്നു ചർച്ചയായിരുന്നത്.
ഇ.പി ജയരാജന് തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന വിമര്‍ശനവും ജില്ലാ കമ്മിറ്റികളിൽ ഉയർന്നു. കണ്ണൂർ, കാസർഗോഡ്, എറണാകുളം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളിലാണ് ഇ.പിക്കെതിരേ രൂക്ഷ വിമർശനമുയർന്നത്.
ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെരഞ്ഞെടുപ്പുദിവസം ഇ.പി വെളിപ്പെടുത്തിയതും തിരിച്ചടിയായി. ഇ.പിയുടെ അടുത്തബന്ധുക്കൾക്ക് ഓഹരിയുള്ള വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും വോട്ടുചോരാനിടയാക്കി.
എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്നിട്ടുകൂടി കണ്ണൂരിലും കാസര്‍ഗോഡുമൊഴികെ മിക്കയിടത്തും പ്രചാരണത്തിന് ഇ.പി ഇറങ്ങിയില്ലെന്നും വിമര്‍ശമുയര്‍ന്നു. ഇ.പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം പാര്‍ട്ടി ഗൗരവത്തില്‍ ആലോചിക്കണമെന്നും കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലാകമ്മിറ്റികളിൽ ആവശ്യപ്പെട്ടു.
പഴി എം.വി.ഗോവിന്ദനും
മുഖ്യമന്ത്രിയെപ്പോലെ എം.വി ഗോവിന്ദന്റെ ശൈലിയും തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണമായെന്നാണ് ഒട്ടുമിക്ക ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തല്‍. മാധ്യമങ്ങളോടുപോലുമുള്ള പരിഹാസ സമീപനവും താത്വിക അവലോകനങ്ങളും സാധാരണപ്രവര്‍ത്തകര്‍ക്കുപോലും ദഹിക്കില്ലെന്നും കൊല്ലം ജില്ലാ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം തുറന്നടിച്ചിരുന്നു.
മൂന്നു നേതാക്കളുടെയും ഇത്തരം സമീപനങ്ങളാണ് പാര്‍ട്ടിയെ ജനങ്ങളില്‍നിന്ന് അകറ്റിയതെന്നും ഈ വോട്ടുകളാണ് വ്യാപകമായി ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പോയതെന്നും എറണാകുളത്തെയും പാലക്കാട്ടെയും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കടുത്ത ഭരണവിരുദ്ധ വികാരവും ക്ഷേമ പെന്ഷന് അടക്കം ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിയതും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയതായും ഇത് തോല്‍വിക്കു കാരണമായതായും ഒട്ടുമിക്ക ജില്ലാ കമ്മിറ്റികളും എടുത്തുപറയുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ പോലീസ് നയവും തിരിച്ചടിയായെന്ന് ചില അംഗങ്ങള്‍ വിമര്‍ശിച്ചു.
റെനീഷ് മാത്യു