പത്തനംതിട്ട: കബോംബ് നിർമിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്റെ സംസ്കാരച്ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെ പി മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദർശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മരണവീട്ടിൽ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കുകയെന്നത് നാട്ടിൽ നടക്കുന്ന കാര്യമാണ്. വീട് സന്ദര്‍ശനത്തിൽ നേതാക്കൾക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പത്തനംതിട്ട അടൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘സാധാരണ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങൾ നാട്ടിൽ നടക്കാറില്ലേ? അതിന്റെ അർഥം കുറ്റത്തോട് മൃദൃസമീപനം ഉണ്ടെന്നാണോ? കുറ്റത്തോട് ഒരുതരത്തിലുള്ള മൃദുസമീപനവുമില്ല. മനുഷ്യർ എപ്പോഴും മനുഷ്യത്വം പാലിച്ചു പോകാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്. കുറ്റവാളികളോടു മൃദുവായ സമീപനം കാണിക്കുന്നുണ്ടെങ്കിൽ മാത്രമാണ് തെറ്റ്. മരണം നടന്ന വീട്ടിൽ പോകുന്നതും അവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും ഒരുതരത്തിലും തെറ്റായ കാര്യമല്ല’- മുഖ്യമന്ത്രി പറഞ്ഞു.
കുറ്റത്തോടും കുറ്റവാളികളോടും മൃദുസമീപനമില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. പാനൂരിലുണ്ടായ സ്ഫോടനം സാധാരണഗതിയിൽ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കേരളത്തിൽ ബോംബ് നിർമിക്കേണ്ട ആവശ്യമില്ല. പാനൂര്‍ സംഭവത്തെ രാഷ്ട്രീയമായി കാണേണ്ടതില്ല. കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.