കൊച്ചി: ആടിത്തിമിർത്തും കളിച്ചു രസിച്ചും ആഘോഷമാക്കിയ മധ്യവേനലവധി കഴിഞ്ഞ് വിദ്യാർഥികൾ അക്ഷരമുറ്റത്തെ വാതായനങ്ങൾ തുറക്കാൻ ആവേശഭരിതരായി തിരികെ സ്കൂളിലേക്ക്.
മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ വിദ്യാർഥികൾക്കും ആശംസകളറിയിച്ചു. വിജ്ഞാനത്തിനും വിനോദത്തിനുമുള്ള ഇടമായി സ്കൂളുകൾ മാറിയെന്നും ഇതെല്ലാം ഉപയോഗപ്പെടുത്തി വിദ്യാർഥികൾക്ക് ജീവിതത്തിൽ മുന്നേറാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
എറണാകുളം എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾക്കായി വിവിധ സംവിധാനങ്ങളാണ് സ്കൂളുകളിൽ ഒരുക്കിയിട്ടുള്ളത്. ക്ലാസ് മുറികൾ ഹൈട്ടക്ക് ആയി. റോബോട്ടിക് കിറ്റുകൾ ലഭിക്കുന്ന നിലയുണ്ടായി. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം പരമപ്രധാനമായി കണ്ടുകൊണ്ടുള്ള നിലപാടാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നാം സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. വ്യവസായമന്ത്രി പി. രാജീവ് അക്കാദമിക് കലണ്ടർ പ്രകാശിപ്പിച്ചു. മേയർ എം. അനിൽകുമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ് എന്നിവർ സംസാരിച്ചു.