കോട്ടയം: പാലായിലെ നവകേരള സദസ് വേദിയിൽ കോട്ടയം എംപി തോമസ് ചാഴികാടനെതിരേ മുഖ്യമന്ത്രി പരസ്യമായി വിമർശനം ഉന്നയിച്ച സംഭവത്തിൽ കേരള കോൺഗ്രസ് -എമ്മിൽ അതൃപ്തി പുകയുന്നു. മാസങ്ങൾ മാത്രം അപ്പുറം നിൽക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വീണ്ടും മത്സരിപ്പിക്കാൻ ആഗ്രഹിക്കുന്ന ചാഴികാടനെതിരേ മുഖ്യമന്ത്രി നടത്തിയ പരാമർശം എതിരാളികൾക്ക് അടിക്കാൻ കൊടുത്ത വടിയായെന്നാണ് കേരള കോൺഗ്രസിലെ പൊതു അഭിപ്രായം.
റബർ വിലയും കർഷകരുടെ പ്രശ്നങ്ങളും ഉയർത്തിയ എംപിക്കെതിരേ മുഖ്യമന്ത്രി നടത്തിയ വിമർശനം ഉചിതമായില്ലെന്നും കോട്ടയത്ത് മന്ത്രിസഭ ഒന്നാകെ ജനങ്ങളെ കാണാൻ വരുമ്പോൾ കർഷകരുടെ പ്രശ്നങ്ങളല്ലാതെ പിന്നെന്ത് പറയണമെന്നും നേതാക്കൾ ചോദിക്കുന്നു.
സംഭവത്തിൽ കേരള കോൺഗ്രസിൽ കടുത്ത അതൃപ്തി പുകയുന്നുണ്ടെങ്കിലും തത്കാലം പരസ്യ പ്രതികരണം നടത്തി മുന്നണിയുടെ കെട്ടുറപ്പിനെ തകർക്കേണ്ടെന്ന നിലപാടിലാണ് നേതാക്കൾ. അതിനിടെ കേരള കോൺഗ്രസ്-എമ്മിനെ അനുനയിപ്പിക്കാൻ സിപിഎം കോട്ടയം ജില്ലാ നേതൃത്വം രംഗത്തെത്തി കഴിഞ്ഞു. വിഷയത്തിൽ ഇരു പാർട്ടിയുടെയും നേതാക്കൾ തമ്മിൽ ആശയവിനിമയം നടന്നുവെന്നാണ് റിപ്പോർട്ടുകൾ.
നവകേരള സദസിൽ കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ച ചാഴികാടന്റെ നടപടിയെ പാർട്ടിയുടെ മന്ത്രി റോഷി അഗസ്റ്റിനും പിന്തുണച്ചു. എന്നാൽ അദ്ദേഹം മുഖ്യമന്ത്രിയുടെ വിമർശനത്തെ തള്ളിപ്പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. കർഷകരുടെ പ്രശ്നങ്ങൾ പറയേണ്ട വേദി ഇതല്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന ന്യായീകരണമാണ് റോഷി നടത്തിയത്.
മുഖ്യമന്ത്രിയുടെ വിമർശനത്തിനെതിരേ യുഡിഎഫ് കൂടി രംഗത്തെത്തിയതാണ് കേരള കോൺഗ്രസ്-എമ്മിനെ സമ്മർദ്ദത്തിലാക്കിയത്. ചാഴികാടനെ അപമാനിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും എംപിക്ക് എല്ലാ പിന്തുണയും നൽകുമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചിരുന്നു.
നവകേരള സദസിൽ കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച സ്വന്തം മുന്നണിയിലെ എംപിയുടെ വാക്കുകൾ കേൾക്കാൻ പോലും മുഖ്യമന്ത്രിക്ക് സഹിഷ്ണുതയില്ല. ഇതേ മുഖ്യമന്ത്രിയാണ് പ്രതിപക്ഷം സദസ് ബഹിഷ്കരിച്ചതിനെതിരേ വിമർശനം ഉന്നയിക്കുന്നതെന്നും സഹിഷ്ണുതയില്ലാത്ത മുഖ്യമന്ത്രിയുടെ അടുത്തുപോയി എന്തുപറയാനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.