തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി സഭയിൽ വരാതെ ഒളിച്ചോടിയെന്നും ഇന്ന് നിയമസഭയിൽ പോലും വന്നില്ലെന്നും സതീശൻ പരിഹസിച്ചു.
രണ്ട് ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കന്പനിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഗുരുതരമായ കണ്ടെത്തലുകളാണ് നടത്തിയത്. മകളുടെ ഭാഗം പറയാൻ അവസരം നൽകിയില്ലെന്ന് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നാൽ വീണയുടെ ഭാഗം പറയാൻ കേന്ദ്ര ഏജൻസി സമയം നൽകിയിട്ടും രേഖകൾ ഹാജരാക്കിയില്ലെന്ന് സതീശൻ ആരോപിച്ചു.
സഭയിൽ കള്ളം പറയുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഒന്നും പറയാൻ ഇന്ന് ഭരണപക്ഷം അനുവദിക്കാതെ ബഹളവും തടസവും ഉണ്ടാക്കി. ഇന്നത്തെ സഭാ നടപടികൾ തടസപ്പെടുത്തിയത് ഭരണപക്ഷമാണ്. പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷ അംഗങ്ങളോടൊപ്പം പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.