തിരുവനന്തപുരം: വിജയദശമി ദിനത്തിൽ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജിച്ചെടുക്കുന്ന അറിവെന്ന് പിണറായി വിജയൻ പറഞ്ഞു.
വളർന്നു വരുന്ന തലമുറകൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ സാധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിദ്യാരംഭ ദിനം അതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മഹാനവമി- വിജയദശമി ആശംസകൾ അറിയിച്ചത്. സൗപർണ്ണിക, നതാലിയ, അലൈഖ, നമിത്, വമിക, ഘയാൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയ സന്തോഷവും അദ്ദേഹം പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് വിദ്യാരംഭ ദിനമാണ്.
നിരവധി കുഞ്ഞുങ്ങൾ ഈ വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെക്കുകയാണ്. ഇന്ന് സൗപർണ്ണിക, നതാലിയ, അലൈഖ, നമിത്, വമിക, ഘയാൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. വളർന്നു വരുന്ന തലമുറകൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഈ വിദ്യാരംഭ ദിനം അതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെ. എല്ലാവർക്കും മഹാനവമി- വിജയദശമി ആശംസകൾ.