തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരിതാശ്വാസ കണക്കിനെ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ വാർത്തകൾക്കെതിരേ മുഖ്യമന്ത്രി. തെറ്റായ വാര്‍ത്ത നല്കി കേന്ദ്രസഹായം തടയുക എന്നതായിരുന്നു പ്രധാന അജണ്ടയെന്ന് പിണറായി വിജയൻ പറഞ്ഞു. തെറ്റായ വാര്‍ത്ത സാധാരണ മനുഷ്യരുടെ മനസിലേക്ക് കടന്നു കയറി. കേരളം ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് വിഷയത്തില്‍ കേന്ദ്രത്തിന് സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളവും അവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു. വ്യാജവാര്‍ത്തകളുടെ പിന്നിലുള്ള അജന്‍ഡ നാടിന് എതിരെയുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടു തയാറാക്കിയ മെമ്മോറാണ്ടമാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. എന്നാൽ അവയെല്ലാം തെറ്റാണെന്ന് വരുത്തി തീർത്ത് സർക്കാരിനെതിരേ ജനങ്ങളെ തിരിക്കുന്നതിനു വേണ്ടിയാണ് ശ്രമങ്ങൾ നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.