കോഴിക്കോട്: കൃഷിസമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കോഴിക്കോട് മേയറെ നേരിട്ട് സംസാരിക്കാൻ ക്ഷണിച്ചത് ആശയക്കുഴപ്പത്തിനിടയാക്കി.
പദ്ധതിയെക്കുറിച്ച് ഒരുമണിക്കൂറിലധികം സംസാരിച്ചതിനുശേഷം തദ്ദേശസ്ഥാപന മേധാവികൾക്ക് സംസാരിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി.
ആദ്യം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ച മുഖ്യമന്ത്രി മൂന്നാമതായാണ് കോഴിക്കോട് മേയറെ സംസാരിക്കാൻ ക്ഷണിച്ചത്. “അടുത്തത് തോട്ടത്തിൽ രവീന്ദ്രൻ, കോഴിക്കോട് മേയർ’ എന്ന മുഖ്യമന്ത്രിയുടെ ക്ഷണം കേട്ട് കോഴിക്കോട് ടാഗോർ ഹാളിലുണ്ടായിരുന്ന മേയറടക്കമുള്ളവർ പരിഭ്രാന്തരായി.
നഗരസഭാ കൗൺസിൽ യോഗം ചേരുന്നതിനു തൊട്ടുമുൻപ് നടന്ന മുഖ്യമന്തിയുടെ വീഡിയോ കോൺഫറൻസ് കാണാൻ മേയറും കൗൺസിലർമാരും ടാഗോർ ഹാളിലെത്തിയിരുന്നു. സ്ക്രീൻ ഒരുക്കിയിരുന്നെങ്കിലും കോൺഫ്രൻസ് നടത്താനുള്ള കാമറ ടാഗോർ ഹാളിൽ ഏർപ്പെടുത്തിയിരുന്നില്ല.
ചായബ്രേക്കിന് പുറത്തുപോയിരുന്ന മേയറെ ആരോ വിവരമറിയച്ചതിനെ തുടർന്ന് അദ്ദേഹം ഓടിക്കിതച്ച് ഹാളിലെ സ്ക്രീനിനു മുന്നിലെത്തി.
കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രനെവിടെ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം സ്ക്രീനിൽ കണ്ട മേയർ പകച്ചുനിൽക്കവെ, മേയർ എത്തിയിട്ടില്ല എന്ന് കോഴിക്കോട് കളക്ടറേറ്റിൽ നിന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. തുടർന്ന് സംസാരിക്കാൻ മുഖ്യമന്ത്രി തിരുവനന്തപുരം മേയറെ ക്ഷണിക്കുകയായിരുന്നു.
അതേസമയം വീഡിയോ കോൺഫ്രൻസിൽ സംസാരിക്കാനുള്ളവരെ ഉൾപ്പെടുത്തി പൊതുഭരണവിഭാഗം ജോയിന്റ് സെക്രട്ടറി പാറ്റ്സി സ്റ്റീഫൻ ഇറക്കിയ ഉത്തരവിൽ കോഴിക്കോട് മേയറുടെ പേര് ഉണ്ടായിരുന്നില്ല.
മേയർമാരുടെ പ്രതിനിധിയായി തിരുവനന്തപുരം മേയറേയും, സെക്രട്ടറിമാരുടെ പ്രതിനിധിയായി കോഴിക്കോട് നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസിനെയുമാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്.
ഇതനുസരിച്ച് സെക്രട്ടറി ബിനു ഫ്രാൻസിസ് കാമറ സംവിധാനമുള്ള കോഴിക്കോട് കളക്ടറേറ്റിൽ എത്തുകയും ചെയ്തിരുന്നു.
തന്നെ നേരിട്ട് അറിയുന്നതിനാലാണ് മുഖ്യമന്ത്രി ക്ഷണിച്ചതെന്നായിരുന്നു മേയർ തോട്ടത്തിൽ രവീന്ദ്രന്റെ വിശദീകരണം.