കാസർഗോഡ്: കേരളത്തില്‍ പൗരത്വഭേദഗതിനിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വാക്സിനേഷനു ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനു മറുപടിയെന്നോണമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. കേരളത്തില്‍ പൗരത്വഭേദഗതിനിയമം ഒരുകാരണവശാലും നടപ്പാക്കില്ലെന്ന് പിണറായി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നയിക്കുന്ന എൽഡിഎഫിന്റെ വടക്കൻ മേഖല ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളെ വര്‍ഗീയമായി വികാരം കൊള്ളിച്ച് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. വര്‍ഗീയത നാടിനാപത്താണ്. അതിനെ പൂര്‍ണമായി തൂത്തുമാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം സർക്കാർ കൂടെയുണ്ടായിരുന്നു. അസാധ്യമാണെന്ന് തോന്നിയ കാര്യങ്ങൾ കേരളത്തിൽ യാഥാർഥ്യമായി.
കേരളത്തിൽ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ നിരാശയ്ക്ക് മാറ്റം വന്നു, അത് പ്രത്യാശയായി മാറി. എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫ് ഭരണം തുടരണമെന്ന് ആഗ്രഹിക്കുകയാണ്.
യുഡിഎഫിനെ ജനം ശാപം വാക്കുകളോടെയാണ് ഇറക്കി വിട്ടത്. ജനങ്ങളുടെ നിരാശയ്ക്ക് പകരം എൽഡിഎഫ് സർക്കാർ പ്രത്യാശ കൊണ്ടു വന്നു. ജനങ്ങളുടെ പ്രതീക്ഷ ഇടതുസർക്കാർ നിറവേറ്റി. കടുത്ത പ്രതിസന്ധിക്കിടെയാണ് വാഗ്ദാനങ്ങൾ നിറവേറ്റിയത്.
ദുരന്തങ്ങളില്‍ പ്രതിസന്ധി ഉണ്ടായപ്പോഴും നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആകാവുന്നതെല്ലാം ചെയ്തു.
ജനങ്ങളുടെ ഒരുമയ്ക്കും ഐക്യത്തിനും വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊണ്ടത്. അതിന് ഫലമുണ്ടായി, ഈ വലിയ ദുരന്തങ്ങളെ ഏകോപിതമായി നേരിടാനായി.
ഗെയിൽ അടക്കമുള്ള ഉപേക്ഷിച്ച പദ്ധതികൾ നടപ്പിലാക്കി. കെ-ഫോണിലൂടെ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. ലൈഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം പേർക്ക് വീട് നൽകി.
ലൈഫിനെ വിമർശിക്കുന്നവരെ ജനം പുച്ഛത്തോടെ കാണും. 32,034 കോടി രൂപ ക്ഷേമപെന്ഷന് നല്കി. ഗുണഭോക്താക്കള്‍ 25.5 ലക്ഷം വര്‍ധിച്ചു.
ജനങ്ങളും സര്‍ക്കാരും തമ്മില്‍ ഒരു ആത്മബന്ധമുണ്ടായി. ഇത് തങ്ങളുടെ അടിവേര് വല്ലാതെ ഇളകുന്നുവെന്ന് നമ്മുടെ നാട്ടിലെ പ്രതിപക്ഷ ശക്തികള്‍ മനസിലാക്കി.
അവരെ പോലെ കെട്ടവരാണ് എല്‍ഡിഎഫ് എന്ന് അവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതിനായി വലിയ നശീകരണ വാസനയോടെയുള്ള പ്രചാരണം പ്രതിപക്ഷം ഏറ്റെടുത്തു.
അട്ടിമറി ദൗത്യവുമായി ചില കേന്ദ്ര ഏജന്‍സികൾ സർക്കാരിനെതിരെ വന്നു. ഈ സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെയിറക്കണമെന്ന് ശപഥം ചെയ്തിട്ടുള്ള ചില മാധ്യമങ്ങളും. ആ മലവെള്ളപ്പാച്ചിലിനൊന്നും എല്‍ഡിഎഫിനെ ഒന്നും ചെയ്യാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് വ്യക്തമായി.
സർക്കാറിനെതിരായ കുപ്രചാരണങ്ങളുടെ മലവെള്ളപാച്ചിലിനെ ജനം കോട്ടതീർത്ത് സംരക്ഷിച്ചു. സ്വന്തം കളങ്കം സർക്കാറിന് മേൽ അടിച്ചേൽപ്പിച്ചാണ് പ്രതിപക്ഷം കുപ്രചാരണം നടത്തിയത്. പക്ഷേ ഈ പ്രചാരണങ്ങളെല്ലാം ജനങ്ങൾ ഉയർത്തിയ കോട്ടയിൽ തട്ടി ഇല്ലാതായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.