തിരുവനന്തപുരം: ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പിഎസ്സി എംപ്ലോയീസ് യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്‍ഗ്രസ് മാറി. അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് ഇന്ന് കോണ്‍ഗ്രസ്.
കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സിപിഎം പണ്ടുതൊട്ടേ പറയുന്നതാണ്. അതിന്റെ തെളിവുകളാണിപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസുകാര്‍ എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുകയെന്ന് പറയാന്‍ കഴിയില്ല.
എന്നാൽ ബിജെപി പണം ഒഴുക്കുകയാണ്. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോവുന്ന ആട്ടിന്‍കുട്ടിയെ പോലെ കുറേയുണ്ട്. പറയാന്‍ വേറെ വാക്കുണ്ട്. പക്ഷേ, അത് പറയുന്നില്ലെന്നും തത്കാലം ഡാഷ് എന്ന് മാത്രം കണക്കാക്കിയാല്‍ മതിയെന്നും പിണറായി വിജയന് പറഞ്ഞു.
രാജ്യം ഇത്തരത്തിലൊരു സങ്കീര്‍ണാവസ്ഥയില്‍ നില്ക്കുമ്പോള് കോണ്‍ഗ്രസിനെപ്പോലെയൊരു പാര്‍ട്ടി അനാഥാവസ്ഥയില്‍ നില്ക്കാന് പാടുണ്ടോ- അദ്ദേഹം ചോദിച്ചു. വലിയ വിജയങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണോ നേതൃത്വം കൊടുക്കാൻ കഴിയുക. പ്രതിസന്ധികള്‍ ഉയരുമ്പോള്‍ നേതൃത്വം കൊടുക്കാനും അതിനെ നേരിടാനും കഴിയണം- പിണറായി പറഞ്ഞു.