വിയ്യൂർ (തൃശൂർ): കാക്കിയിട്ടാൽ ട്രാഫിക് നിയമങ്ങൾ തെറ്റിക്കാനുള്ള അധികാരമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തികരിച്ച 381 പോലീസ് ഡ്രൈവർമാരുടെ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസുകാരുടെ ഭാഗത്തുനിന്നും ചെറിയ തെറ്റുണ്ടായാൽ അതു പോലീസ് സേനയുടെ തെറ്റായി കാണുമെന്നും അതു സേനയ്ക്ക് ഒന്നാകെ നാണക്കേടുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇത്തരം രീതിക്കു മാറ്റം വേണമെന്നും പോലീസ് സേനയുടെ യശസ് ഉയർത്തുന്ന രീതിയിലായിരിക്കണം ഓരോരുത്തരുടെയും പ്രവൃത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡ്രൈവർമാരുടെ കുറവുമൂലം നാളിതുവരെ അത്തരം ജോലികൾ പോലീസുകാർ ചെയ്യേണ്ട അവസ്ഥയായിരുന്നു. അതിനു മാറ്റം വരുത്തുകയെന്ന ലക്ഷ്യവച്ചാണ് 1,160 പുതിയ തസ്തിക അനുവദിച്ചത്.
അതിന്റെ ഭാഗമായി 400 പേരെയാണ് ഇപ്പോൾ നിയമിച്ചതെന്നും ആധുനിക രീതിയിൽ പ്രവർത്തിക്കുന്ന പ്രമുഖ വാഹന കന്പനികളിൽ എത്തി തൊഴിൽശാലകൾ സന്ദർശിച്ച് പരിശീലനം ലഭ്യമാക്കൻ സാധിച്ചതു നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വരുണ്‍, വജ്ര, ഹെവി റിക്കവറി വാൻ, ക്രെയിൻ എന്നിവയിൽ അടക്കം ഉന്നത പരീശിലനവും ഉന്നത വിദ്യാഭ്യാസവും ഉള്ളവരാണ് പുതിയതായി പുറത്തിറങ്ങുന്നവരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബെസ്റ്റ് ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ട കെ.യുഅനിഷ്, ബെസ്റ്റ് ഓൾറൗണ്ടർ കെ.ഹരി, ബെസ്റ്റ് ഒൗട്ട് ഡോർ പി.സുരാജ്, ഇൻഡോറായി കെ.ജിനിഷ് എന്നിവർക്കു മുഖ്യമന്ത്രി അവർഡുകൾ നൽകി. ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി ബി.സന്ധ്യ, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ പങ്കെടുത്തു.