തിരുവനന്തപുരം: ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണെന്നും കർണാടക ഗവർണറുടെ നടപടി പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിയമസഭയിൽ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തു നിർത്തി, കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബിജെപിക്കു മന്ത്രിസഭയുണ്ടാക്കാൻ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗിക്കുകയാണ്. കേന്ദ്ര ഭരണകക്ഷിയുടെ താൽപ്പര്യങ്ങൾ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവർണർ പദവിയെ മാറ്റരുത്.
ബിജെപിയുടെ തീരുമാനം ഗവർണർ നടപ്പാക്കുന്നു എന്ന സന്ദേശമാണ്, രാജ്ഭവൻ എന്തു തീരുമാനിക്കുമെന്ന് മുൻകൂർ പ്രഖ്യാപിച്ച ബിജെപി വക്താവ് നൽകിയത്. കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്. നിയമസഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടി പുനഃപരിശോധിക്കണം- പിണറായി പറഞ്ഞു.