തലശേരി: പിണറായി കൂട്ടക്കൊല കേസിലെ കുറ്റപത്രങ്ങള്‍ കോടതി മടക്കിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടി. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രങ്ങള്‍ തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കിയ സംഭവത്തെക്കുറിച്ചാണ് ആഭ്യന്തര വകുപ്പ് ബന്ധപ്പെട്ടവരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്.
മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട കേസില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താതെ മൂന്ന് കുറ്റപത്രങ്ങളും മടങ്ങാനുള്ള സാഹചര്യമുണ്ടായതില്‍ ആഭ്യന്തര വകുപ്പ് അതൃപ്തി പ്രകടിപ്പിച്ചതായിട്ടാണ് അറിയുന്നത്. സംസ്ഥാനതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കൂട്ടക്കൊലക്കേസിലെ പ്രതി വനിതാ ജയിലില്‍ തൂങ്ങി മരിക്കുകയും കേസിലെ കുറ്റപത്രങ്ങൾ കോടതി മടക്കുകയും ചെയ്തത് ആഭ്യന്തര വകുപ്പിന് നാണക്കേടുണ്ടാക്കിയതായി സംസ്ഥാന പോലീസ് ചീഫിനെ ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
കുറ്റപത്രം മടങ്ങാനിടയാക്കിയ നിയമപരമായ സാഹചര്യങ്ങളെ കുറിച്ച് ഡിജിപി ലോക്നാഥ് ബഹ്റ പ്രോസിക്യൂഷനുമായി ടെലഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.ഇതിനടിയില്‍ മൂന്ന് കുറ്റപത്രങ്ങളും വീണ്ടും സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയും അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോള്‍ സൗമ്യയുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യുന്നതോടെ മൂന്ന് കൊലക്കേസുകളിലേയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കുകയാണ് ചെയ്യുക.
എന്നാല്‍ കേസിലെ ദുരൂഹത വര്‍ദ്ധിക്കുകയും ബന്ധുക്കളും നാട്ടുകാരും ഒരേ സ്വരത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതിനെ കുറിച്ചും ഗൗരവമായ ആലോചനകള്‍ നടക്കുന്നുണ്ട്.
സൗമ്യയുടെ മരണത്തെകുറിച്ചും കൂട്ടക്കൊലയില്‍ മറ്റുള്ളവരുടെ പങ്കിനെ കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് സൗമ്യയുടെ ബന്ധുക്കളും നാട്ടുകാരും ഇന്നലെ സൗമ്യയുടെ വീട്ടുമുറ്റത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന പോലീസ് ചീഫിനുള്പ്പെടെ പരാതിയും നല്‍കിയിട്ടുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടക്കൊല നടന്ന വീട് സന്ദര്‍ശിക്കുകയും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരം ആഭ്യന്തരം,ആരോഗ്യം, ജലവിഭവ വകുപ്പ് എന്നീ വകുപ്പുകള്‍ അന്വേഷിക്കുകയും ചെയ്ത കേസിലാണ് പുനഃരന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുള്ളത്.
ചികിത്സയ്ക്കായി വിദേശത്തുള്ള മുഖ്യമന്ത്രി നാട്ടിലെത്തിയാലുടന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിനു പുറമെ ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാനും ആലോചന നടക്കുന്നുണ്ട്.