കിഴക്കമ്പലം: ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിനു സമീപമുള്ള പെരിങ്ങാല പിണർമുണ്ടയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മൂന്നു മരണങ്ങൾ പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
മൂവരുടെയും പെട്ടെന്നുള്ള മരണത്തിന് കാരണം ശരീരത്തിൽ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനാലാണെന്ന് മെഡിക്കൽ സംഘം വിലയിരുത്തിയതായി നാട്ടുകാർ പറഞ്ഞു.
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ വായു മലിനീകരണമാണ് ഇതിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന പിണരമുണ്ട പടമുകൾ പരേതനായ അയ്യപ്പൻകുട്ടിയുടെ ഭാര്യ കാർത്യായനി, പരേതനായ കോയിക്കൽ അലിയാരുടെ ഭാര്യ പാത്തുമ്മ, കെ.പി. കോയാമ്മദ് ഹാജി എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്.
തീപിടിത്തത്തിന് മുമ്പ് പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിനംപ്രതി 200ൽ താഴെ രോഗികളായിരുന്നു ചികിത്സ തേടിയിരുന്നതെങ്കിൽ തീപിടിത്തത്തിന് ശേഷം 400ൽ കൂടുതൽ പേരാണ് പനി, ചുമ, ചൊറിച്ചിൽ, തൊണ്ടവേദന, തലവേദന, ഛർദി തുടങ്ങിയ രോഗലക്ഷണവുമായി എത്തുന്നത്.
പ്രദേശത്തു നിന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർ നിരവധിയാണെന്നും നാട്ടുകാർ പറയുന്നു.