കോഴിക്കോട്: പി.വി. അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ കൊടുങ്കാറ്റിനിടയില് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കോഴിക്കോട്ട് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലാണ് പരിപാടി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തുന്നത്.
അവിടെ സൗകര്യം കുറവായതിനാല്‍ പൊതുസമ്മേളനം ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടി പറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേയാണ് കഴിഞ്ഞ ഒരാഴ്ചയായി അന്‍വറിന്റെ കൂരമ്പുകള്‍.
കള്ളക്കടത്തു സംഘവുമായി ബന്ധമുള്ള കുപ്രസിദ്ധ ക്രിമിനലാണ് എഡിജിപി അജിത്കുമാറെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. ഇയാള്‍ക്ക് എല്ലാ പിന്തണുയും നല്‍കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണെന്നും ആരോപിച്ചിരുന്നു.കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായ സംഭവത്തിലും സര്‍ക്കാരിനു വീഴ്ച സംഭവിച്ചതായി അദ്ദേഹം ആരോപിച്ചിരുന്നു.
കേസ് അേന്വഷിച്ച എസ്പി വിക്രമിനെ തിരിച്ചുകൊണ്ടുവരണമെന്ന് അദ്ദേഹം ഇന്നലെ മുതലക്കുളത്തു നടത്തിയ പൊതുയോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസേന്വഷണം മുന്നോട്ടുപോകാതിരിക്കാന്‍ കാരണം പോലീസിലെ ഉന്നതന്റെ ഇടപെടലാണ്.പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് അന്‍വറുമായുള്ള ബന്ധം വിചച്ഛേദിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വ്യക്തമാക്കിയിരുന്നു.
ഇതിനുശേഷം നിലമ്പൂരിലും കോഴിക്കോട് മുതലക്കുളത്തും നടത്തിയ പൊതുയോഗങ്ങളില്‍ അന്‍വര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. മലപ്പുറത്തും പാലക്കാട്ടുമായി അടുത്ത ദിവസങ്ങളില്‍ ഒരു ഡസനോളം പൊതുയോഗങ്ങളില്‍ പ്രസംഗിക്കുമെന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്‍വറിനു പിണറായി വിജയന് മറുപടി നല്‍കുമോയെന്ന ആകാംക്ഷ ഉയരുന്നത്.