നിലന്പൂർ: സ്കൂളിലേക്ക് പോകാനുള്ള തൂക്കുപാലം പ്രളയത്തിൽ ഒലിച്ചുപോയതിനെ തുടർന്നാണ് മന്പാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ഇസയും കൂട്ടുകാരും ഒരാഴ്ച മുന്പ് പാലം പുനസ്ഥാപിച്ചു തരണമെന്ന് അപേക്ഷിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചത്. തുടർന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ടു നിവേദനം സമർപ്പിക്കാനും അവസരം ലഭിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇസയും കൂട്ടുകാരും രക്ഷിതാക്കളെയും കൂട്ടി മുഖ്യമന്ത്രിയെ കാണാൻ തലസ്ഥാന നഗരിയിലേക്ക് വണ്ടി കയറിയത്.
സി.കെ.ശശീന്ദ്രൻ എംഎൽഎയോടൊപ്പമാണ് കുട്ടികൾ മുഖ്യമന്ത്രിയെ കണ്ടത്. നിവേദനം നൽകിയ കുട്ടികളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചു. പാലം ലഭിച്ചാൽ നിങ്ങളെ സങ്കടവും പ്രയാസവും തിരുമോ എന്നും പാലം കിട്ടിയാൽ നന്നായി പഠിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്നാൽ സർക്കാർ നിങ്ങളുടെ പ്രയാസം തീർത്ത് തരും എന്ന് മുഖ്യമന്ത്രി കുട്ടികൾക്ക് ഉറപ്പ് നൽകി. എം.ടി.ഇൻഷ, ഒ.കെ.ദിയ, അലിഡ പ്രസന്നൻ, സി.അശ്വനി എന്നീ വിദ്യാർഥികളും രക്ഷിതാക്കളായ എം.ടി.അഹമ്മദ്, എൻ.കെ.പ്രസന്നൻ, പി. ഹൈദരലി, എം.കെ.ഹസീന എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.