തിരുവനന്തപുരം: ഇരട്ട മാസ്കുകൾ ധരിക്കുന്നതു വഴി രോഗബാധ വലിയ തോതിൽ തടയാൻ സാധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു സർജിക്കൽ മാസ്ക് ധരിച്ചതിനു ശേഷം അതിനു മുകളിൽ തുണി മാസ്ക് വയ്ക്കുകയാണു ചെയ്യേണ്ടത്.
ഈ തരത്തിൽ മാസ്കുകൾ ധരിക്കുകയും കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താൽ രോഗബാധ വലിയ തോതിൽ തടയാൻ സാധിക്കും.
മാസ്കുകൾ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാൻ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണം.
ഓഫീസ് ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ഉണ്ടാകാൻ പാടില്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം.
വാസ്തവവിരുദ്ധവും അതിശയോക്തി കലർത്തിയതും ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
കോവിഡ് മാനദണ്ഡം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം ജില്ലാ കളക്ടർ അടപ്പിച്ചു.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പും താക്കീതും നൽകിയിട്ടും ഗൗരവം ഉൾക്കൊള്ളാത്ത സ്ഥാപനങ്ങൾക്ക് നേരെ തുടർന്നും സംസ്ഥാനത്താകെ കർശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്: മുഖ്യമന്ത്രി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു നിയമപരമായി നിലനിൽക്കില്ല.
കേസുകൾ കൂടിവരുന്ന ഇടങ്ങളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. അതിൽ തന്നെ കൂടുതൽ നിയന്ത്രണങ്ങൾ ആകാം.
ദേശീയ ദുരന്ത നിവാരണ അഥോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി, ചീഫ് സെക്രട്ടറി, റവന്യൂ സെകട്ടറി, ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയിൽ ജില്ലാ കളക്ടർ എന്നിവർക്കു മാത്രമാണ് ഈ ഉത്തരവുകൾ ഇറക്കാനുള്ള അധികാരമുള്ളത്.
കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രമേ ഇവിടെ അനുവദിക്കൂ.
ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ്. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളെ ക്ലസ്റ്ററുകളായി തിരിച്ചു നിയന്ത്രണം ശക്തിപ്പെടുത്തണം.
പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും പോലീസ് ഒരു ജനമൈത്രി വോളണ്ടിയറെ വീതം നിയോഗിക്കും.
ക്വാറന്റൈൻ ലംഘനങ്ങളെക്കുറിച്ച് പോലീസിന് വിവരം നൽകുകയും കോവിഡ് പോസിറ്റീവ് രോഗികൾക്കും പ്രൈമറി കോണ്‍ടാക്റ്റിലുളളവർക്കും ബോധവത്കരണം നൽകുകയുമാണ് ഇവരുടെ പ്രധാന ചുമതല. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ അക്കാര്യം സ്വമേധയാ അധികൃതരോട് വെളിപ്പെടുത്താൻ തയാറാകണം.
വീടുകളിൽ കഴിയുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്ക് അക്കാര്യം തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 112 എന്ന പോലീസ് കണ്ട്രോൾ റൂം നന്പറിലോ അറിയിക്കാം.
ഇരുചക്രവാഹനങ്ങളിൽ ഒരാൾ
ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം സഞ്ചരിക്കുന്നതാണ് ഉചിതമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബാംഗങ്ങൾ ആണെങ്കിൽ രണ്ടുപേർക്കു യാത്ര ചെയ്യാം.
എന്നാൽ രണ്ടുപേരും രണ്ടു മാസ്ക് വീതം ധരിച്ചുമാത്രമേ യാത്ര ചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു.