കോന്നി: ആനക്കുട്ടിയുടെ നിലവിളിയിൽ ഗ്രാമം തേങ്ങുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗുരുതര ആരോഗ്യപ്രശ്നം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോന്നി ആനത്താവളത്തിലെ ഇളം തലമുറക്കാരി പിഞ്ചു (നാല്) വിന്റെ ആരോഗ്യസ്ഥിതിയാണ് കൂടുതൽ സങ്കീർണമായത്.
ആനക്കുട്ടിയുടെ യഥാർഥ ആരോഗ്യപ്രശ്നം കണ്ടെത്താനാകാതെ, വനം വെറ്ററിനറി വിഭാഗം നടത്തിയ ചികിത്സയാണ് സ്ഥിതി വഷളാക്കിയതെന്നു പറയുന്നു.
ആനത്താവളത്തിൽ എത്തി ഏതാനും മാസങ്ങൾക്കുള്ളിൽ ആരോഗ്യപ്രശ്നം കണ്ടെത്തിയ കുട്ടിയാനയ്ക്കു തുടക്കത്തിൽ ഹെർപ്പീസ് വൈറസ് ബാധയെന്ന് കണ്ടെത്തിയിരുന്നു.
വിദഗ്ധമായ പരിചരണത്തിലൂടെ ഇതിനെ അതിജീവിച്ച് ഏതാനം മാസങ്ങൾ പിന്നിട്ടപ്പോഴാണ് കൂട്ടിയാനയിൽ അടുത്ത പ്രശ്നം കണ്ടെത്തുന്നത്. ആനക്കുട്ടി പിന്നിലെ ഒരു കാൽ നിലത്തുറപ്പിച്ചിരുന്നില്ല.
ചികിത്സ തുടങ്ങിയ വിദഗ്ധർ ആദ്യം പറഞ്ഞത് ആനയുടെ കാലിൽ രണ്ട് നഖങ്ങൾ അധികമായി വളർന്നെന്നും ഇതിൽ ഒരെണ്ണം മാംസത്തിനുള്ളിലേക്ക് വളർന്നതാണ് പ്രശ്നമെന്നുമായിരുന്നു നിഗമനം.
ഇതിനു ചികിത്സ നടക്കുന്നതിനിടെ അടുത്ത കാലും നിലത്തുറപ്പിക്കാനാകാതെ ആനക്കുട്ടി എഴുന്നേൽക്കാതെയായി.എക്സ്റേ ഉൾപ്പെടെ എടുത്തെങ്കിലും വിദഗ്ധർക്ക് വ്യക്തമായ കണ്ടെത്തൽ ഉണ്ടായില്ല. ഏതാനും ദിവസം പിന്നിട്ടപ്പോൾ ആനയുടെ ഇടുപ്പെല്ല് തെന്നി മാറിയതാണ് കാരണമെന്ന് കണ്ടെത്തൽ ഉണ്ടായി.
ഇതിനിടെ കിടപ്പിലായ ആനയുടെ ത്വക്കുകൾ പൊട്ടി വ്രണം രൂപപ്പെട്ടിരുന്നു. കാലിനു പരിക്കുണ്ടെന്ന് വന്നേതോടെ കുട്ടിയാനയെ നാലു ടണ്ണോളം ഭാരം വരുന്ന ചെയിൻ ബ്ലോക്ക് ഉപയോഗിച്ച് രണ്ടു ദിവസങ്ങളിലായി മണിക്കൂറുകളോളം ഉയർത്തി നിർത്തി.
ചെയിൻ ബ്ലോക്ക് ഉപയോഗിച്ച് ഉയർത്തിയപ്പോൾ ഇത് മുറുകി കണങ്കാൽ ഭാഗത്ത് വലിയ തോതിലുള്ള മുറിവ് ഉണ്ടായി മാംസം വരെ പുറത്തു കാണാവുന്ന അവസ്ഥയിലായി. കിടപ്പിലായിരുന്ന ആനക്കുട്ടിയെ കുളം നിർമിച്ച് ഇതിൽ ഇറക്കി നിർത്താനും നേരത്തേ തീരുമാനിച്ചിരുന്നു.
ആനക്കുട്ടിയെ കിടത്തിയിരിക്കുന്ന ഭാഗത്തോടു ചേർന്ന് കുളവും നിർമിച്ചിരുന്നു. വേദന കൊണ്ടു പുളയുന്ന ആനക്കുട്ടിയുടെ ദീനരോദനം രാപകൽ ഗ്രാമത്തിന്റെ കണ്ണു നനയ്ക്കുകയാണ്. വെറ്ററിനറി വകുപ്പിലെ വിദഗ്ധരെല്ലാം നന്നെ ആനക്കുട്ടിയെ പരിശോധിച്ചു കഴിഞ്ഞു.
എന്നാൽ ഇവരുടെ കണ്ടെത്തലുകളല്ല ശരിയെന്നാണ് ആന പ്രേമികൾ പറയുന്നത്. ഇപ്പോൾ ആനയെ പരിചരിക്കുന്ന അസിസ്റ്റന്റ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിലാണ് ചികിത്സ.
ചികിത്സയുടെ ഭാഗമായി ആനയെ ഉയർത്തണമെങ്കിൽ ആദ്യം ഫോം ബെഡ് ഉപയോഗിച്ച് പൊതിഞ്ഞ ശേഷമാകണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
എന്നാൽ ഇത്തരം രീതി പാലിക്കാതെ ഇരുമ്പ് ചെയിൻ ബ്ലോക്കിൽ ഘനമേറിയ ബെൽറ്റ് ഉപയോഗിച്ചാണ് ഉയർത്തിയത്. ഇതു മൂലമാണ് കുട്ടിയാനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായത്.
സംഭവം പുറത്തറിയാതിരിക്കാൻ ആനക്കൂടിന്റെ എല്ലാ ഭാഗവും ടാർപ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് പിഞ്ചുവിന് പിൻ കാലിലെ പ്രശ്നം ഗുരുതരമായത്. തുടർന്ന് കൈകാലുകളിൽ വലിയ തോതിൽ നീര് ഉണ്ടായി ആന കിടക്കുകയായിരുന്നു.
തുടർന്ന് വിദഗ്ധ ഡോക്ടർമാരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡിസംബർ അവസാനവാരം എക്സറേ എടുക്കാനായി മയക്കാൻ മരുന്നു കുത്തിവച്ചത് അളവിൽ കൂടിയത് വലിയ വിവാദമായിരുന്നു. അതിനു ശേഷം കുട്ടിയാന ദിവസങ്ങളോളം കിടപ്പിലായി.
പിന്നീട് ജനുവരി ആറു മുതൽ ഒന്നു രണ്ടു ദിവസം ആന സ്വയം എഴുന്നേറ്റെങ്കിലും വീണ്ടും കിടപ്പിലായതോടെ ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
2016-ൽ അച്ചൻകോവിൽ വനമേഖലയിലെ കടമ്പുപാറയിൽ നിന്നും ലഭിച്ചതാണ് പിഞ്ചുവിനെ. പിഞ്ചു എന്ന് പേരിട്ടത് വനം മന്ത്രിയായ കെ. രാജുവാണ്.
2017ൽ ഹെർപ്പീസ് വൈറസിനെ അതിജീവിച്ച പിഞ്ചുവിന്റെ ഇപ്പോഴത്തെ ദയനീയ സ്ഥിതിക്കുകാരണം ചികിത്സയിലെ പിഴവാണെന്ന ആക്ഷേപം നിലനിൽക്കുന്പോൾ മന്ത്രി സ്ഥലത്തെത്തി വിദഗ്ധ ചികിത്സയ്ക്കുള്ള നിർദേശം നൽകിയിരുന്നു.