മാവേലിക്കര: തെക്കേക്കര കുറത്തികാട് ഭാഗത്ത് മത്സ്യ ബന്ധനത്തിനായി തോട്ടിലേക്ക് ഇട്ട വലയിൽ കുടുങ്ങിയത് പിൻ ഔട്ട് ചെയ്യാത്ത ഗ്രനേഡ്.
പല്ലാരിമംഗലം പള്ളിയാമ്പലിൽ രാജൻ്റെ വലയിലാണ് ഗ്രനേഡ് ലഭിച്ചത്. ഇന്നലെ രാത്രി 9.10 ഓടെയാണ് സംഭവം.
തെക്കേക്കര വസൂരിമാല ക്ഷേത്രത്തിന് തെക്ക് വശത്തുളള തൊടിയൂർ – കണ്ടിയൂർ ആറാട്ടു കടവ് വരെയുള്ള ടി.എ കനാലിന്റെ ഭാഗത്തു വലവീശുന്നതിനിടെയാണ് ഗ്രനേഡ് ലഭിച്ചത്.
കട്ടിയുള്ള ഇരുമ്പു വസ്തു വലയിൽ കുടുങ്ങിയപ്പോൾ സംശയമുണ്ടായതിനെ തുടർന്ന് സമീപവാസികളായ പട്ടാളക്കാരായ സുഹൃത്തുക്കളെ രാജൻ വിവരം അറിയിച്ചു.
അവരെത്തി പരിശോധിച്ചപ്പോഴാണ് ഗ്രനേഡാണ് വലയിൽ ലഭിച്ചതെന്ന് മനസിലായത്.
ഉടൻ തന്നെ പോലീസ് കൺട്രോൾ റൂ നമ്പറിൽ വിവരം അറിയിക്കുകയും കുറത്തികാട് പോലീസ് എത്തി ഗ്രനേഡ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.
ഇന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഗ്രനേഡ് നിർവീര്യമാക്കും.
ഇത് മിലട്ടറി അല്ലെങ്കിൽ പോലീസിലെ സേനാ വിഭാഗങ്ങൾ ഉപയോഗിക്കുന്നതാണോ അതോ മറ്റാരെങ്കിലും നിയമ വിരുദ്ധമായി സൂക്ഷിച്ചതാണോ എന്ന സംശയം ഉയരുന്നുണ്ട്.
മുൻപ് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും മറ്റും സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന സ്ഥലം കൂടിയായിരുന്നു തെക്കേക്കര.
ഇതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.