വാഴക്കുളം: പൈനാപ്പിൾ കർഷകരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നുള്ളതിന്റെ നേർ സാക്ഷ്യമാണ് കഴിഞ്ഞ ദിവസം ജിവനൊടുക്കിയ ആയവന കാലാമ്പൂർ കുഴുമ്പിൽ കെ.കെ. അനിൽ എന്ന യുവാവിന്റെ ജീവിതം.
പൈനാപ്പിൾ കൃഷിക്കായി വാങ്ങിയ 35 ലക്ഷം ബാങ്കു വായ്പയും അത്രത്തോളം തന്നെയുള്ള ഇതര കടങ്ങളും അനിലിന്റെ ബാധ്യതയിൽ ബാക്കിയാകുന്നു.
കാർഷിക കടബാധ്യത എഴുതി തള്ളണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്കു നൽകിയതായി ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് തോട്ടുമാരിയ്ക്കൽ പറഞ്ഞു.
ഒടുവിൽ ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്നു പരിഗണിക്കാനിരിക്കെ അവിചാരിതമായാണ് അനിലിന്റെ വിയോഗമുണ്ടായത്.
മോറട്ടോറിയം കാലാവധി അവസാനിക്കുന്നതോടെ വീണ്ടും പ്രതിസന്ധിയിലാകുന്ന കർഷകർക്ക് ആശ്വാസമാകുന്ന പുതിയ മോറട്ടോറിയം നിബന്ധനകൾ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു.
സമാന തലത്തിൽ കർഷകർക്കായുള്ള വിവിധ സംഘടനകളെ ഉൾക്കൊള്ളിച്ച് ഭാവി പദ്ധതികൾ ആവിഷ്കരിക്കും. പ്രാരംഭമായി കാർഷികാഭിമുഖ്യമുള്ള വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രോട്ടോകോളനുസരിച്ച് മഞ്ഞള്ളൂർ കൃഷിഭവനുമുമ്പിൽ നാളെ രാവിലെ പതിനൊന്നിന് വൻ കർഷക പ്രതിഷേധ ധർണയും സംഘടിപ്പിച്ചിട്ടുണ്ട്.
ഒരു രൂപയിലുണ്ടാകുന്ന വിലക്കുറവു പോലും കർഷകർക്കു തീരാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ മാർച്ചു മുതലുള്ള കൊറോണ രോഗബാധ സൃഷ്ടിച്ച പ്രതിസന്ധി ഘട്ടം പരിശോധിച്ചാൽ പ്രതിദിനം മൂന്നു കോടി രൂപയോളമാണ് ഈ മേഖലയിലൊട്ടാകെ നഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്നത്.
മൂന്നു പതിറ്റാണ്ടിലേറെയായി പൈനാപ്പിൾ കാർഷിക വിപണനമേഖലയിൽ പ്രവർത്തിച്ചു വരുന്നവർക്കു പോലും ഇക്കുറി കാലിടറിയിരിക്കുകയാണ്. മുൻ വർഷങ്ങളിലെ ലാഭങ്ങളിൽ നിന്ന് ഇപ്പോൾ നേരിടുന്ന നഷ്ടം ഒരു പരിധി വരെയെങ്കിലും പരിഹരിക്കപ്പെടുന്നതിനാൽ അനിലിന്റെ ദുരവസ്ഥയിലേക്ക് ഇവർ എത്തിപ്പെട്ടിട്ടില്ല എന്നു മാത്രം.
ഇരുപത്തഞ്ചു രൂപയ്ക്കു മേൽ ഉത്പാദന ചെലവുള്ള ഒരു പൈനാപ്പിൾ അതിന്റെ പകുതി വിലയ്ക്കാണ് ഏപ്രിൽ മുതൽ വില്പന നടക്കുന്നത്. ഒരേക്കറിന് ശരാശരി എഴുപത്തയ്യായിരം രൂപയോളമാണ് നഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്നത്.
പൈനാപ്പിളിന് ജനപ്രിയത ഏറുന്നതിനൊപ്പം ഉത്പാദന ചെലവും വർദ്ധിക്കുകയാണ്. കൃഷിസ്ഥലത്തിന്റെ പാട്ടത്തുക,വിളവെടുപ്പു വരെയുള്ള തൊഴിൽക്കൂലി,വാഹനവാടക, വളമിടൽ, ചെടിവില, വേനലിലെ നനയ്ക്കൽ, പുതയിടൽ, പ്രത്യേക വളപ്രയോഗം തുടങ്ങിയവയ്ക്കായി ദിനംതോറും ചെലവ് കൂടുന്നതായി കർഷകർ പറയുന്നു.
വേനലിലെ ഉപയോഗവും ഉത്സവ സീസണുകളും ഉയർന്ന വില നൽകുമെന്ന പ്രതീക്ഷയാണ് കർഷകർക്കുണ്ടായിരുന്നത്.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ശരാശരി അമ്പതു രൂപ ലഭിച്ചിടത്ത് പത്തു മുതൽ പതിനഞ്ചു വരെയാണ് ലഭിക്കുന്നത്.