തിരുവനന്തപുരം: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഈയടുത്ത ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചിട്ടുണ്ട്.
ഒരു വനിതാ എസ്ഐ അവരെ സഹായിക്കും. 9497999955 എന്ന നന്പറിൽ ബുധനാഴ്ച മുതൽ പരാതികൾ അറിയിക്കാം.
ഏതു പ്രായത്തിലുമുളള വനിതകൾ നൽകുന്ന പരാതികൾക്ക് മുന്തിയ പരിഗണന നൽകി പരിഹാരം ഉണ്ടാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിനു ജില്ലകളിൽ നിലവിലുള്ള ഡൊമസ്റ്റിക് കണ്‍ഫ്ളിക്റ്റ് റെസല്യൂഷൻ സെന്റർ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി.
വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓണ്‍ലൈൻ എന്ന സംവിധാനം ഇപ്പോൾ നിലവിലുണ്ട്.
സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
ഇത്തരം പരാതികളുളളവർക്ക് [email protected] എന്ന വിലാസത്തിലേക്ക് മെയിൽ അയയ്ക്കാം. ഈ സംവിധാനത്തിലേക്കു വിളിക്കാനുള്ള മൊബൈൽ നന്പർ 9497996992 നാളെ നിലവിൽ വരും.
കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്ട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോണ്‍ 9497900999, 9497900286.