തിരുവനന്തപുരം: കെ. സുധാകരൻ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾക്കു തത്കാലം മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ.
സാധാരണ ഇത്തരം ആരോപണങ്ങൾക്കു മറുപടി നൽകാറുള്ള വൈകുന്നേരത്തെ പത്രസമ്മേളനം ഇന്നലെയുണ്ടായില്ല. ഇനി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മാത്രമേ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണൂ.
ഇത്തരം കാര്യങ്ങൾക്കായി പത്രസമ്മേളനം നടത്തേണ്ടതില്ലെന്നുള്ള നിലപാടിലാണു മുഖ്യമന്ത്രിയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അടുത്ത ദിവസങ്ങളിൽ നടത്തുന്ന പത്രസമ്മേളനങ്ങളിൽ ഇതിനു മറുപടി നൽകും. മുഖ്യമന്ത്രിയുടെ മറുപടി വഴി കെ. സുധാകരനു കൂടുതൽ മൈലേജ് ലഭിക്കുമെന്നും അദ്ദേഹം ഉന്നയിക്കുന്ന അക്രമ സംഭവങ്ങളും കൊലപാതകങ്ങളും വഴി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ഇമേജിനു കോട്ടം തട്ടുമെന്നുമാണു വിലയിരുത്തൽ.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്നലെ പത്രസമ്മേളനം ഒഴിവാക്കിയത്. സാധാരണ ശനിയും ഞായറും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാറില്ലെന്നാണ് ഇതിനു മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന മറുപടി.