ആ പഴയ ഡയറിത്താളുകള്‍ക്കകത്ത് ഒളിച്ചിരുന്നത് മണ്‍മറഞ്ഞ എട്ടാം ലോകാത്ഭുതം; പിങ്ക് ആന്‍ഡ് വൈറ്റ് ടെറസസ് മണ്‍മറഞ്ഞത് ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ്

volcano-600ചില സത്യങ്ങള്‍ അങ്ങനെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞാകും അവ മറനീക്കി പുറത്തുവരിക. ഏഴു വര്‍ഷം മുന്‍പാണ് കഥ തുടങ്ങുന്നത്. ന്യൂസീലന്‍ഡിലെ ഓക്ക്‌ലാന്‍ഡ് സിറ്റി ലൈബ്രറിയില്‍ ജര്‍മന്‍–ഓസ്ട്രിയന്‍ ജിയോളജിസ്റ്റ് ഫെര്‍ഡിനാന്റ് വോണ്‍ ഹോഷ്ടെറ്റെറിന്റെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട ഒരു പ്രദര്‍ശനം നടക്കുകയാണ്. ഗവേഷകനായ ഡോ.സാഷ നോള്‍ഡനാണ് ക്യുറേറ്റര്‍. പ്രദര്‍ശനവസ്തുക്കളില്‍ ഓരോന്നും പരിശോധിക്കുന്നതിനിടെയാണ് ആ പഴയ ഡയറിത്താളുകള്‍ നോള്‍ഡന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

ന്യൂസീലന്‍ഡ് ജിയോളജിയുടെ പിതാവെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ഹോഷ്ടെറ്റെര്‍. 1859ലാണ് തങ്ങളുടെ ദ്വീപുകളില്‍ ജിയോളജിക്കല്‍ സര്‍വേ നടത്താനായി ന്യൂസീലന്‍ഡ് അദ്ദേഹത്തെ ക്ഷണിക്കുന്നത്. അന്ന് കൃത്യമായി സര്‍വേ പൂര്‍ത്തിയാക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ഫീല്‍ഡ് ഡയറികളിലൊന്നിലായിരുന്നു നോള്‍ഡന്റെ കണ്ണുകള്‍ പതിഞ്ഞത്. എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ലോകത്തിന്റെ ‘എട്ടാം ലോകാദ്ഭുതം’ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്നതിന്റെ സൂചനകളായിരുന്നു കൃത്യതയോടെ അതിലുണ്ടായിരുന്നത്. റോട്ടോമെഹാന തടാകത്തിന്റെ തീരത്തുണ്ടായിരുന്ന ‘പിങ്ക് ആന്‍ഡ് വൈറ്റ് ടെറസസ്’ ആയിരുന്നു ആ അദ്ഭുതം.

ന്യൂസിലന്‍ഡിലെ വടക്കന്‍ ദ്വീപിലായിരുന്നു ഈ വിസ്മയക്കാഴ്ച. 1830 മുതല്‍ 1886വരെ അരനൂറ്റാണ്ടിലേറെക്കാലം ന്യൂസിലന്‍ഡിലെ വടക്കന്‍ ദ്വീപിലെ ഈ അത്ഭുതം ടൂറിസ്റ്റുകളെ വിസ്മയിപ്പിച്ചിരുന്നു. സിലിക്കയുടെ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപപ്രദേശമായിട്ടാണ് ഇത് അറിയപ്പെടുന്നത്. സമീപത്തെ രണ്ട് ചൂടുനീരുറവകളാണ് സിലിക്ക നിക്ഷേപത്തെ വന്‍തോതില്‍ തീരത്തേക്ക് എത്തിച്ചു കൊണ്ടേയിരുന്നത്. നൂറുകണക്കിന് വര്‍ഷങ്ങളോളം ഈ പ്രക്രിയ തുടര്‍ന്നതോടെ ഒന്നിനു പുറകെ ഒന്നായി സിലിക്കയുടെ വിവിധ വര്‍ണങ്ങളിലെ അടരുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇവയിലൊന്ന് ‘പിങ്ക് ടെറസ്’ അഥവാ ‘ദ് ഫൗണ്ടേന്‍ ഓഫ് ദ് ക്ലൗഡഡ് സ്‌കൈ’ എന്നും രണ്ടാമത്തേത് ‘വൈറ്റ് ടെറസ്’ അഥവാ ‘ദ് ടാറ്റൂഡ് റോക്ക്’ എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഇതോടനുബന്ധിച്ച് ഒട്ടേറെ ചെറുകുളങ്ങളും ഉണ്ടായിരുന്നു. പിങ്കും വെള്ളയും നിറങ്ങള്‍ നിറഞ്ഞ് ആ സുന്ദര കാഴ്്ച വര്‍ണനകള്‍ക്കതീതമായിരുന്നു.

കാര്യങ്ങളെല്ലാം മാറിമറിയുന്നത് 1886ലാണ്്. സമീപത്തുണ്ടായിരുന്ന മൗണ്ട് ടറാവേറ അഗ്നിപര്‍വതം സജീവമായതോടെയായിരുന്നു അത്. അഗ്നിപര്‍വതത്തിന്റെ മഹാവിസ്‌ഫോടനത്തില്‍ ലാവയും ചാരവും 40 കിലോമീറ്റര്‍ അകലെ വരെയെത്തി. ചുറ്റുമുണ്ടായിരുന്ന സകലതും അഗ്നിപര്‍വതത്തിന്റെ സംഹാരതാണ്ഡവത്തില്‍ തകര്‍ന്നടിഞ്ഞു. 120ലേറെ പേര്‍ മരിച്ചു. അതോടൊപ്പം തന്നെ പിങ്ക് ആന്‍ഡ് വൈറ്റ് ടെറസസും ഒരടയാളം പോലും ബാക്കിവയ്ക്കാതെ ഇല്ലാതായി. എല്ലാം കെട്ടടങ്ങിയപ്പോഴും ആ മഹാദ്ഭുതം നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ക്കാന്‍ പോലും പ്രദേശവാസികള്‍ ഇഷ്ടപ്പെട്ടില്ല. റോട്ടോമെഹാന തടാകത്തിന്റെ അടിത്തട്ടില്‍ എവിടെയെങ്കിലും പിങ്ക് ആന്‍ഡ് വൈറ്റ് ടെറസസ് മൂടിക്കിടക്കുന്നുണ്ടാകുമെന്ന് അവര്‍ കരുതി. തടാകത്തിന്റെ ആകൃതിയിലും അഗ്‌നിപര്‍വത സ്‌ഫോടനം വന്‍മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതിന്റെ നീളമേറി, ഉപരിതലം അല്‍പം കൂടി ഉയര്‍ന്നു. സമീപത്ത് പുതിയ ചൂടുനീരുറവകളും പ്രത്യക്ഷപ്പെട്ടു.
1
ഇങ്ങനെയിരിക്കേ 2011ല്‍ ഒരു സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ പിങ്ക് ടെറസിന്റെ അവശിഷ്ടങ്ങള്‍ തടാകത്തിന്റെ അടിത്തട്ടിലുള്ളതായി റിപ്പോര്‍ട്ട് വന്നു. എന്നാല്‍ ഡയറിക്കുറിപ്പിനെ പിന്തുടര്‍ന്ന നോള്‍ഡനും സഹപ്രവര്‍ത്തകനും ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ശേഷം പുതിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 1859ലെ ഹോഷ്ടെറ്റെറുടെ സര്‍വേയിലെ ഫീല്‍ഡ് ഡയറികളില്‍ കുറിച്ചിരിക്കുന്ന കാര്യങ്ങളും നിലവിലുള്ള തടാകപ്രദേശത്തിന്റെ ഘടനയും സൂക്ഷ്മമായി താരതമ്യം ചെയ്താല്‍ പിങ്ക് ടെറസസ് വെള്ളത്തിനടിയിലേക്ക് പോകാന്‍ യാതൊരു സാധ്യതയുമില്ല. മറിച്ച് തടാകതീരത്തു നിന്ന് അല്‍പം മാറി കെട്ടിക്കിടക്കുന്ന ‘അഗ്‌നിപര്‍വത ചാര’ത്തിന് 10-15 മീറ്റര്‍ താഴെയായി മൂടിക്കിടക്കുന്നുണ്ടാകണം. അതായത്, പൂര്‍ണമായും ചാരത്തില്‍ മൂടിയ നിലയില്‍ കിടക്കുന്ന പിങ്ക് ആന്‍ഡ് വൈറ്റ് ടെറസസിനെ വീണ്ടെടുക്കാന്‍ സാധ്യതകളേറെയാണ്.

പദ്ധതിയുമായി മുന്നോട്ടു പോകാനാണ് ഗവേഷകരുടെ തീരുമാനം. ഇതിനായുള്ള ധനശേഖരണത്തിലാണിപ്പോള്‍. ഈ പ്രദേശത്ത് ഖനനം ചെയ്യണമെങ്കില്‍ ടുഹാറാങി ഗോത്രവിഭാഗത്തിന്റെ സമ്മതം വേണം. കാലാകാലങ്ങളായി ഇവരാണ് പ്രദേശത്തിന്റെ ഉടമകള്‍. ഇവരുടെ സമ്മതം കിട്ടിയാല്‍ അധികം വൈകാതെ തന്ന ഖനനം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് നോള്‍ഡനും സംഘവും.

Related posts