മുംബൈ: ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റിനൊരുങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഈ വർഷം തന്നെ നടക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലാണ് ഇന്ത്യൻ ടീം പിങ്ക് ടെസ്റ്റ് കളിക്കുക. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഡേ-നൈറ്റ് ടെസ്റ്റാവും ഇത്. 2017ലാണ് വനിതാ ക്രിക്കറ്റിലെ ആദ്യ പിങ്ക് ടെസ്റ്റ് നടന്നത്. സിഡ്നിയിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് ആ മത്സരം നടന്നത്.
മൂന്ന് വീതം ഏകദിന, ട്വന്റി-20 മത്സരങ്ങളും ഈ ടെസ്റ്റിനൊപ്പം ഇന്ത്യ കളിക്കും. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായാണ് പര്യടനം.
നോർത്ത് സിഡ്നി ഓവലിൽ സെപ്റ്റംബർ 19ന് നടക്കുന്ന ഏകദിന മത്സരത്തോടെ പര്യടനം ആരംഭിക്കും.ഏകദിന പരന്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജംഗ്ഷൻ ഓവലിൽ സെപ്റ്റംബർ 22നും 24നും നടക്കും.