തൃശൂര്‍: സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി ആവിഷ്‌കരിച്ച പോലീസിന്റെ പിങ്ക് പട്രോളിംഗ് സംവിധാനത്തിലേക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ലഭിച്ചത് 336 കോളുകള്‍. 1515 എന്ന ടോള്‍ഫ്രീ നമ്പര്‍ പലപ്പോഴും വിളിച്ചാല്‍ കിട്ടുന്നില്ലെങ്കിലും ഒരാഴ്ച കൊണ്ട് 336 കോളുകള്‍ ലഭിച്ചത് ഈ സംവിധാനം ജനങ്ങള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണ്.സ്ത്രീകളും പെണ്‍കുട്ടികളും തന്നെയാണ് കോള്‍ വിളിച്ചതിലേറെയും. പൂവാലശല്യം, മൊബൈല്‍ ഫോണുകളിലേക്ക് അജ്ഞാത നമ്പറുകളില്‍ നിന്നുള്ള അശ്ലീല സന്ദേശങ്ങള്‍ വരുന്നത്്, വീട്ടുകാരുടെ പീഡനം, സ്ഥലത്തിന്റെ അതിര്‍ത്തിതര്‍ക്കം, ബസില്‍ മദ്യപാനിയുടെ ശല്യം തുടങ്ങി വിവിധ കേസുകളും പരാതികളും പിങ്ക് പട്രോളിംഗ് കണ്‍ട്രോള്‍ റൂമിലേക്കെത്തി.
ആകെ ലഭിച്ച 336ല്‍ 25 എണ്ണത്തില്‍ നടപടിയെടുക്കുകയും അമ്പതിലധികം കേസുകള്‍ തുടര്‍നടപടികളിലേക്കായി അതാത് സ്റ്റേഷന്‍ പരിധിയിലേക്ക് കൈമാറുകയും മൊബൈല്‍ഫോണ്‍ സംബന്ധമായ കേസുകള്‍ സൈബര്‍ വിംഗിലേക്ക് കൈമാറുകളും കൗണ്‍സലിംഗ് വേണ്ട കേസുകള്‍ കൗണ്‍സലിംഗിനും സിവില്‍ കേസുകള്‍ അതാത് പോലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ട്. സൈക്കിളില്‍ പോകുന്ന പെണ്‍കുട്ടികളെ ബൈക്കിലെത്തി ശല്യപ്പെടുത്തുന്ന പൂവാലന്‍മാരെക്കുറിച്ച് പരാതി ലഭിച്ചയുടന്‍ പിങ്ക് പട്രോള്‍ ടീമെത്തി പൂവാലന്‍മാരെ കസ്റ്റഡിയിലെടുക്കുകയും രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു.
പിങ്ക് പട്രോളിംഗിന്റെ ടോള്‍ഫ്രീ നമ്പറായ 1515ല്‍ വിളിച്ചിട്ട് കിട്ടാത്ത പലരും കണ്‍ട്രോള്‍ റൂമില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലേക്കും മറ്റും വഴിയറിയാതെ പിങ്ക് പട്രോള്‍ സംഘത്തെ വിളിച്ച് വഴിയന്വേഷിച്ചവരും കൂട്ടത്തിലുണ്ട്.ചാലക്കുടി, കൊരട്ടി, വടക്കാഞ്ചേരി, മാടക്കത്തറ, കോലഴി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പിങ്ക് പട്രോളിംഗ് സേവനം തേടി വിളിക്കുന്നുണ്ട്. പലര്‍ക്കും കോള്‍ കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. സ്ത്രീകള്‍ മാത്രമല്ല പിങ്ക് പട്രോളിംഗ് ഉപയോഗപ്പെടുത്തുന്നത്. ഭാര്യയുടെ ഫോണിലേക്ക് അജ്ഞാതന്റെ അശ്ലീല സന്ദേശങ്ങള്‍ വരുന്നതിനെക്കുറിച്ച് പരാതി പറയാന്‍ ഭര്‍ത്താക്കന്‍മാരും വിളിക്കുന്നുണ്ട്.
ഭാര്യയുടെ ശല്യം സഹിക്കവയ്യെന്ന് പറഞ്ഞുള്ള ഒരു ഭര്‍ത്താവിന്റെ കോളും പിങ്ക് പട്രോളിംഗ് കണ്‍ട്രോള്‍ റൂമിലേക്കെത്തി. സ്ത്രീ ഉള്‍പ്പെട്ട പ്രശ്‌നമായതുകൊണ്ട് ആ വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ കഴിയില്ലെന്നതുകൊണ്ട് ആ കേസിലും പിങ്ക് പട്രോള്‍ ടീം ഇടപെടുകയും ഭാര്യയേയും ഭര്‍ത്താവിനേയും കൗണ്‍സിംഗിന് പറഞ്ഞയക്കുകയും ചെയ്തു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടും കോള്‍ വന്നിരുന്നു. പോലീസിന് ഇടപെടാനുള്ള പരിമിതി ചൂണ്ടിക്കാട്ടി വിഷയം ആ സ്ഥലത്തെ പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
പിങ്ക് പട്രോളിംഗ് സംവിധാനം ഉപയോഗപ്പെടുത്താന്‍ സ്ത്രീകളും കുട്ടികളും തയ്യാറാവുന്നുവെന്നത് വളരെ നല്ല കാര്യമാണെന്നും ധൈര്യപൂര്‍വം പ്രശ്‌നങ്ങളും പരാതികളും തുറന്നുപറയാന്‍ സ്ത്രീകളും കുട്ടികളും തയ്യാറാകുമ്പോള്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിക്കുമെന്നും പിങ്ക് പട്രോളിംഗ് ടീമംഗങ്ങള്‍ പറയുന്നു.