കോഴിക്കോട്: സ്ത്രീകളുടെ സംരക്ഷണാർഥം ആരംഭിച്ച പിങ്ക് പോലീസ് പട്രോളിംഗ് സംവിധാനത്തിന് ആവശ്യക്കാരില്ല.വേണ്ടത്ര പ്രചാരണം ലഭിക്കാത്തതും പിങ്ക് പോലീസിനെകുറിച്ചുള്ള അജ്ഞതയുമാണ് കാരണം. പിങ്ക് നിറത്തിലുള്ള വാഹനത്തിൽ വനിതാപോലീസ് നഗരത്തിലൂടെ കറങ്ങുന്നത് ആളുകൾക്ക് കൗതുകകാഴ്ചയാകുന്നതല്ലാതെ ആരും അവരുടെ സേവനം പ്രയോജനപ്പെടുത്തി തുടങ്ങിയില്ല. സ്ത്രീസുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതിയെക്കുറിച്ച് നഗരത്തിലെ സ്ത്രീകൾ പോലും അറിഞ്ഞിട്ടില്ല.
പിങ്ക് വാഹനത്തിൽ നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിൽ പട്രോളിംഗിനെത്തുന്ന വനിതാ പോലീസുകാർ തന്നെയാണ് പിങ്ക് പോലീസ് എന്തെന്ന് ജനങ്ങൾക്ക് വിശദീകരിക്കുന്നത്. ബസ്സ്റ്റാൻഡ്, ബീച്ച് തുടങ്ങി പലയിടങ്ങളിലും ആളുകൾ വാഹനം കാണുന്പോൾ കാര്യമന്വേഷിച്ച് എത്താറുണ്ടെന്ന് വനിതാപോലീസുകാർ പറയുന്നു.
22 വനിതാപോലീസുകാർ വ്യത്യസ്തഷിഫ്റ്റുകളിലായി ദിവസങ്ങളായി പട്രോളിംഗ് നടത്തിവരികയാണ് . എന്നാൽ ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിൽ തുടങ്ങിയിട്ടേയുള്ളുവെന്നും അതിനാൽ കാര്യക്ഷമമായ പ്രവർത്തനങ്ങളൊന്നും ഇത് വരെ നടന്നിട്ടില്ലെന്നുമാണ് വനിതാ സിഐ ഷാന്റി സിറിയക് പറയുന്നത്. സിഡാക്കിൽ നിന്നും കംപ്യൂട്ടർ അടക്കമുള്ള സംവിധാനങ്ങൾ ലഭിക്കാൻ വൈകുന്നതിനാൽ പിങ്ക് പോലീസിന്റെ 1515 എന്ന ട്രോൾ ഫ്രീ നമ്പർ നിലവിൽ വന്നിട്ടില്ല.
താത്കാലികമായി 1090, 100 എന്നീ നന്പറുകൾ വഴി കൺട്രോൾ റൂമിലേക്കാണ് പിങ്ക് പോലീസിന്റെ സേവനത്തിനായി ബന്ധപ്പെടേണ്ടത്. ട്രോൾ ഫ്രീ നന്പർ ഉപയോഗത്തിൽ വന്നിട്ടില്ലാത്തതിനാലും പിങ്ക് പോലീസിന്റെ നെറ്റ് വർക്കിംഗ് പൂർണമായി സജ്ജമാകാത്തതിനാലുമാണ് വിപുലമായ പ്രചാരണ പരിപാടികളും ഔദ്യോഗികമായ ഉദ്ഘാടനവും നടത്താത്തത്.
കൺട്രോൾ റൂമിലേക്കെത്തുന്ന ഫോൺകോളുകൾ വയർലെസ് വഴി പിങ്ക് പോലീസിന് കൈമാറുകയാണ് ഇപ്പോൾ ചെയ്യുന്നത്. പിങ്ക് പോലീസിനായി സജ്ജമാക്കിയിട്ടുള്ള ഓഫീസിൽ വയർലെസ് സെറ്റ് ഒഴികെയുള്ള സാങ്കേതിക സംവിധാനങ്ങൾ എത്തിയിട്ടില്ല.ഹെൽപ്പ് ലൈനിലേക്ക് സഹായം അഭ്യർഥിച്ചു വരുന്ന കേസുകളാണ് ഇപ്പോൾ പിങ്ക് പോലീസ് കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞമാസം 27 നാണ് സിറ്റി പോലീസ് കമ്മീഷണർ ജില്ലയിലെ പിങ്ക് പട്രോൾ സേവനം ഫ്ലാഗ് ഓഫ് ചെയ്തത്. ജിപിഎസ്, കാമറ സംവിധാനങ്ങളുള്ള രണ്ട് പിങ്ക് വാഹനങ്ങളാണ് പിങ്ക് പോലീസിനായി സജ്ജമാക്കിയിട്ടുള്ളത്.സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുക, ഒറ്റപ്പെടുന്ന സാഹചര്യങ്ങളിൽ സ്ത്രീകളെ സഹായിക്കുക, സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ ഇടപെടുക എന്നിവയെല്ലാമാണ് പ്രധാന ഉദ്ദേശങ്ങൾ.
മ്പ