കോട്ടയം: അമ്മയുമായി പിണങ്ങി വീടുവിട്ട തിരുവനന്തപുരം സ്വദേശി യുവതി കോട്ടയത്തെത്തി. പിങ്ക് പോലീസ് യുവതിയെ കൂട്ടിക്കൊണ്ടുവന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി തിരിച്ചയച്ചു. പിറ്റേന്ന് മറ്റൊരു യുവതി എത്തിയത് ഫെയ്സ് ബുക്കു വഴി പരിചയപ്പെട്ട കാമുകനെ കാണാൻ. ഈ യുവതികൾക്ക് ഇതെന്തു പറ്റിയെന്ന് കോട്ടയത്തെ വനിതാ പോലീസ് ചോദിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിനി അമ്മയുമായി പിണങ്ങി കോട്ടയത്ത് എത്തിയത്. കയ്യിലുള്ളതാകട്ടെ ആകെ 200രൂപ. കോട്ടയത്ത് ട്രെയിനിൽ വന്നിറങ്ങി ഭക്ഷണം കഴിച്ചപ്പോൾ പണം തീർന്നു. അവശയായി വഴിയെ നടക്കുന്നതു കണ്ട പിങ്ക് പോലീസ് ആണ് യുവതിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവരങ്ങൾ ചോദിച്ചറിഞ്ഞത്. പിന്നീട് മാതാപിതാക്കളെ വരുത്തിയാണ് പറഞ്ഞയച്ചത്.
പിറ്റേന്ന് അതാ അർത്തുങ്കൽ നിന്ന് മറ്റൊരു യുവതി കോട്ടയത്തെത്തുന്നു. ഫെയ്സ് ബുക്കുവഴി പരിചയപ്പെട്ട യുവാവിനെ കാണാനാണ് യുവതി എത്തിയത്. യുവാവാകട്ടെ യുവതിയെ വിളിച്ചു വരുത്തിയ ശേഷം മുങ്ങുകയും ചെയ്തു. മണർകാട് സ്വദേശിയാണെന്നു മാത്രമേ യുവതിക്ക് അറിയാവൂ.
ഉച്ചയോടെ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ യുവതി അവിടെ ഏറെ നേരം കാത്തിരുന്നു. പിന്നീട് നഗരത്തിന്റെ പല ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു. ഒടുവിൽ രാത്രി ഏഴു മണിയോടെ ശാസ്ത്രി റോഡിൽ ഒരു കടയിലെത്തി. യുവതിയുടെ ഫോണ്‍ സംഭാഷണം കേട്ട കടക്കാർക്ക് സംശയം തോന്നി പിങ്ക് പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി പെണ്‍കുട്ടിയെ കുട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് ഫെയസ് ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ തേടിയെത്തിയാണെന്ന് വ്യക്തമായത്. യുവതിക്ക് 21 വയസുണ്ട്.
മണർകാട് സ്വദേശിയായ യുവാവ് കോട്ടയത്ത് എത്തുമെന്നു പറഞ്ഞെങ്കിലും എത്തിയില്ല. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോവുകയാണെന്നു പറഞ്ഞ് അയാൾ മുങ്ങുകയായിരുന്നു. വിവരങ്ങൾ അറിഞ്ഞ വനിതാ പോലീസ് യുവതിയുടെ മാതാപിതാക്കളെ കോട്ടയത്തു വരുത്തി. യുവാവിനെയും വിളിച്ചു വരുത്തി. മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പു നല്കി ഇരുവരെയും പറഞ്ഞയച്ചു.
കോട്ടയത്ത് പിങ്ക് പോലീസ് കാര്യക്ഷമമായതിനാലാണ് രണ്ടു യുവതികളെയും രക്ഷപ്പെടുത്തി വീട്ടുകാരെ ഏൽപ്പിച്ചത്. വീടുവിട്ടറങ്ങുന്ന പെണ്‍കുട്ടികൾ സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ കൈകളിൽ അകപ്പെടാൻ സാധ്യതയേറെയാണ്. എന്നാൽ ഒരു തരത്തിലുമുള്ള അനാവശ്യ ഇടപാടുകളിൽ ചെന്നുപെടാതെ പെണ്‍കുട്ടികളെ സുരക്ഷിതരായി വീടുകളിൽ എത്തിച്ചു എന്നതിന്റെ ചാരിതാർഥ്യത്തിലാണ് കോട്ടയത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥർ.