തളിപ്പറമ്പ്: സ്ത്രീ സുരക്ഷയെ ലക്ഷ്യമാക്കി തളിപ്പറമ്പിലും നഗരപ്രദേശങ്ങളിലും ഒരാഴ്ചയ്ക്കുള്ളില്‍ പിങ്ക് പോലീസ് സംവിധാനം ആരംഭിക്കും.
കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ പിങ്ക് പോലീസ് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് തളിപ്പറമ്പിലും പിങ്ക് പോലീസ് സേവനം ആരംഭിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ സിറ്റി പോലീസ് പരിധിയിലെ തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് പിങ്ക് പോലീസ് സേവനമുള്ളത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ക്രിമിനലുകളെ കണ്ടെത്തി പിടികൂടുന്നതിനുമാണ് പിങ്ക് പോലീസ് പ്രവര്‍ത്തിക്കുന്നത്.
പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസുകാരാണ് വിളിപ്പുറപ്പെത്തുന്ന പിങ്ക് സേവനത്തിലേർപ്പെട്ടിരിക്കുന്നത്. റൂറല്‍ ജില്ലയിലെ ആദ്യത്തെ പിങ്ക് പോലീസ് സംവിധാനമാണ് തളിപ്പറമ്പില്‍ തുടങ്ങുന്നത്.
തളിപ്പറമ്പ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം അടുത്തയാഴ്ചയോടെ ആരംഭിക്കും. പിന്നീട് റൂറല്‍ എസ്പിയുടെ കീഴിലുള്ള മറ്റ് പോലീസ് സ്റേഷന് പരിധിയിലേക്കും പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
പൂവാല ശല്യം തടയുന്നതിന് ബസ് സ്റ്റാന്‍ഡുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ഡിവൈഎസ്പി ടി.കെ. രത്നകുമാര്‍ അറിയിച്ചിട്ടുണ്ട്.
രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം. നാലു വനിതാ പോലീസുകാരെയാണ് ഇതിനായി പ്രത്യേകം പരിശീലനം നല്കി ചുമതലപ്പെടുത്തിയിരിക്കുന്നത്.
കാലാകാലങ്ങളായി തളിപ്പറമ്പിലെത്തുന്ന സ്ത്രീകളും വിദ്യാര്‍ത്ഥിനികളും അനുഭവിക്കുന്ന പൂവാലശല്യത്തിന് ഇതോടെ ഒരുപരിധിവരെ ആശ്വാസമാകുമെന്നാണു കരുതുന്നത്.
അപ്രതീക്ഷിതമായി രാത്രി വൈകി ബസ്സ്റ്റാന്‍ഡിലെത്തി പോകുന്ന വനിതകള്‍ക്ക് പിങ്ക് പോലീസ് സേവനം വലിയ കരുതലാകും.