കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി.
എട്ടു വയസുകാരിയുടെ മൗലികാവകാശം ലംഘിക്കുന്ന പ്രവൃത്തിയാണ് പിങ്ക് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ സിംഗിള്‍ ബെഞ്ച് പബ്ലിക് ലോ റെമഡി പ്രകാരം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കാന് 2021 ഡിസംബര്‍ 22നാണ് ഉത്തരവിട്ടത്.
സ്വന്തം മൊബൈല്‍ കാണാതെ പോയതിനു പോലീസ് ഉദ്യോഗസ്ഥ സ്വീകരിച്ച തെറ്റായ നടപടിക്കു സര്‍ക്കാരിനു നഷ്ടപരിഹാര ബാധ്യത ചുമത്തിയത് ശരിയായില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്തു വീഴ്ചയുണ്ടെന്നതു ശരിയാണ്.
എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പെരുമാറ്റവും സാഹചര്യവും അയാള്‍ എന്തോ നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്തെന്ന് ആര്‍ക്കും സംശയം തോന്നുന്ന തരത്തിലുള്ളതായിരുന്നു.
വീഴ്ച കണ്ടെത്തിയതോടെ ഉദ്യോഗസ്ഥയ്ക്കെതിരേ അടിയന്തര നടപടി സ്വീകരിച്ചു. ഇതു കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം ഒഴിവാക്കേണ്ടിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഈ സംഭവത്തെക്കുറിച്ച് പ്രചരിച്ച വീഡിയോ അടിസ്ഥാനമാക്കിയാണ് വിധി പറഞ്ഞത്. പിങ്ക് പോലീസ് ഉദ്യോഗസ്ഥ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന ആരോപണത്തിനു തെളിവുകളൊന്നുമില്ല.
ഇവര്‍ക്കെതിരേ വകുപ്പ് തല നടപടിക്ക് കാരണമായ അന്വേഷണ റിപ്പോര്‍ട്ടു കോടതി കണക്കിലെടുത്തതും ഉചിതമായില്ലെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു.