കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത് അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പരസ്യവിചാരണ നീതികരിക്കാനാകാത്തതാണെന്നും ഫോണിന്റെ വിലപോലും കുട്ടിയുടെ ജീവന് കൽപ്പിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.
കോടതി ദൃശ്യങ്ങൾ പരിശോധിച്ചു. പോലീസുകാരിക്ക് കാക്കിയുടെ അഹങ്കാരമാണ്. കണ്ട ദൃശ്യങ്ങൾ മനസിനെ അസ്വസ്ഥമാക്കുന്നു. പോലീസുകാരി ഒരു സ്ത്രീയല്ലെ. ഇങ്ങനെ പെരുമാറാൻ അവർക്ക് എങ്ങനെ സാധിച്ചുവെന്നും കോടതി ചോദിച്ചു.
കുട്ടിയുടെ കരച്ചിൽ വേദനയുണ്ടാക്കുന്നു. കാക്കി ഉല്ലായിരുന്നെങ്കിൽ അവർക്ക് അടി കിട്ടുമായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു പിങ്ക് പോലീസ്. കുട്ടിക്ക് ജീവിതകാലം മുഴുവൻ പോലീസിനോടു പേടി തോന്നുമെന്നും കോടതി ആശങ്ക അറിയിച്ചു.
സംഭവത്തിൽ ഡിജിപിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ആളുകളുടെ വസ്ത്രവും നിറവും നോക്കിയാണ് പോലീസ് പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി.
പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയുടെ മൊബൈൽഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ പരസ്യവിചാരണ ചെയ്തത്. എന്നാൽ മൊബൈൽഫോൺ ഉദ്യോഗസ്ഥയുടെ കൈയിൽ തന്നെയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ആരോപണ വിധേയയായ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റുകയും നല്ലനടപ്പ് പരിശീലനത്തിന് അയക്കുകയും മാത്രമാണ് ചെയ്തത്.