കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് പോലീസ് ഉദ്യോഗസ്ഥ. പെൺകുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി ഹൈക്കോടതിയിൽ അഭിഭാഷകൻ മുഖേന ഉദ്യോഗസ്ഥ അറിയിച്ചു.
തന്റെ പെരുമാറ്റം കൊണ്ട് ബുദ്ധിമുട്ടുണ്ടായ പെണ്‍കുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നു. തനിക്കും മൂന്നു കുട്ടികൾ ഉണ്ടെന്നും സംരക്ഷണ ചുമതല തനിക്കാണെന്നും കോടതിയിൽ സമർപ്പിച്ച മാപ്പപേക്ഷയിൽ പോലിസ് ഉദ്യോഗസ്ഥ പറയുന്നു.
പോലീസിനെതിരേ രൂക്ഷ വിമർശനവും കോടതി നടത്തി. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ പോലിസ് കരുതുന്നത്. കാക്കിയെ സംരക്ഷിക്കാന്‍ കാക്കിക്കുള്ള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പോലീസ് റിപ്പോര്‍ട്ട്. പല കേസിലും ഇതു കാണുന്നുണ്ടെന്നും കോടതി വിമർശിച്ചു.
സംഭവം കുട്ടിയില്‍ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കുട്ടിയുടെ മനസിലുണ്ടായ മുറിവുണക്കാന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. കേസ് വീണ്ടും പരിഗണിക്കാന്‍ ഈ മാസം 15 ലേക്ക് മാറ്റി.