ചാലക്കുടി: തകർന്നു കിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങിയ പ്പോൾ റോഡിലെ കുഴികൾ അടയ്ക്കാൻ മണ്‍വെട്ടിയെടുത്ത് പിങ്ക് പോലീസ്.
ദേശീയപാത പോട്ട ആശ്രമം ജംഗ്ഷനിലാണു പിങ്ക് പോലീസിലെ പി.എം. ഷൈല റോഡ് അറ്റകുറ്റപ്പണിക്കായി രംഗത്തിറങ്ങിയത്.
കഴിഞ്ഞ ദിവസം പിങ്ക് പോലീസിന്റെ വാഹനം കുഴിയിൽച്ചാടി അപകടം സംഭവിച്ചിരുന്നു. ഷൈലയും ഈ വാഹനത്തിൽ ഉണ്ടായിരുന്നു.
ഇന്നലെ വീണ്ടും ഇതുവഴി വന്നപ്പോൾ പഴയ അവസ്ഥയിൽ ഒരു മാറ്റവും ഇല്ല. എന്നു മാത്രമല്ല, പഴയതിലും ശോചനീയം.
പിന്നെ ഒന്നും ആലോചിച്ചില്ല. ഷൈല റോഡിന് സമീപമുള്ള ഒരു വീട്ടിൽ നിന്നും മണ്‍വെട്ടിയും കുട്ടയും സംഘടിപ്പിച്ചു.
ഒറ്റയ്ക്ക് കുഴികളിൽ മണ്ണിട്ടു തുടങ്ങി. ഇതുകണ്ട് ഓട്ടോറിക്ഷക്കാരും ഒപ്പം കൂടി. ഇതോടെ കുഴികൾ നികന്നു. താത്കാലിക ആശ്വാസമായി.
കഴിഞ്ഞ ഏതാനും നാളുകളായി റോഡ് തകർന്ന് ഗതാഗതം ദുഷ്കരമായിട്ട്. എന്നാൽ അധികൃതർ ഇതു കണ്ടില്ലെന്നു നടിച്ചിരിക്കയാണ്. ഷൈലയുടെ പ്രവൃത്തി അധികൃതരുടെ കണ്ണു തുറപ്പിച്ചിച്ചിരുന്നെങ്കിൽ എന്നാണു നാട്ടുകാരു ടെ പ്രത്യാശ.