മൊബൈല് മോഷണക്കുറ്റം ആരോപിച്ച് നടുറോഡില് എട്ടുവയസ്സുകാരിയെ പിങ്ക് പോലീസ് ചോദ്യം ചെയ്ത് മാനസിക സമ്മര്ദ്ദത്തിലാക്കിയ സംഭവത്തില് കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ.
50,000 രൂപ നല്കാമെന്നാണ് ഉദ്യോഗസ്ഥ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനായി കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള് കൈമാറണമെന്നും ആവശ്യപ്പെട്ടു.
പെണ്കുട്ടിക്ക് സര്ക്കാര് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവായും നല്കണമെന്നായിരുന്നു സിംഗിള് ബെഞ്ചിന്റെ ഉത്തരവ്.
ഈ തുക ആരോപണവിധേയയായ ഉദ്യോഗസ്ഥയുടെ ശമ്പളത്തില് നിന്ന് ഈടാക്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സര്ക്കാര് അപ്പീലാണ് ജസ്റ്റിസ് അലക്സാണ്ടര് തോമസും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുളളത്.
സാമ്പത്തിക ബുദ്ധിമുട്ടുകള് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു.
ഇതിന് സന്നദ്ധനല്ലെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്. തുടര്ന്ന് അപ്പീല് വിശദവാദത്തിനായി സെപ്റ്റംബര് അവസാനം പരിഗണിക്കാന് മാറ്റി.
2021 ഓഗസ്റ്റ് 27- നാണ് സംഭവം നടന്നത്. തുമ്പ വി.എസ്.എസ് .സി യിലേക്ക് വലിയ കാര്ഗോ കൊണ്ടുപോകുന്നതു കാണാന് ആറ്റിങ്ങല് തോന്നക്കല് സ്വദേശിനിയായ പെണ്കുട്ടി പിതാവിനൊപ്പം എത്തിയപ്പോഴാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥയില് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായത്.