കോട്ടയം: കോട്ടയം നഗരത്തിൽ സ്ത്രീകൾക്കു സുരക്ഷയില്ല. ഇന്നലെയും പട്ടാപ്പകൽ നഗരമധ്യത്തിൽ യുവതിക്കുനേരെ അതിക്രമമുണ്ടായി.
ബേക്കർ ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയോടാണ് വഴിയാത്രക്കാരൻ മോശമായി പെരുമാറിയത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം ബസ് കാത്തുനിന്ന യുവതിയെ കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നു.
സമീപത്തുനിന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെയാണ് ഇയാൾ പിൻവാങ്ങിയത്.സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടാൻ മടികാണിച്ചെങ്കിലും യാത്രക്കാർ ശക്തമായി ഇടപെട്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മാനസിക വിഭ്രാന്തി കാണിച്ചതിനെത്തുടർന്ന് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് കോട്ടയം വെസ്റ്റ് എസ്എച്ച്ഒ കെ.ആർ. പ്രശാന്ത്കുമാർ പിന്നീടു പറഞ്ഞു.
നഗരത്തിൽ സ്ത്രീകൾക്കു നേരെയുളള അതിക്രമങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസവും ടൗണിൽ സമാനമായ സംഭവം ഉണ്ടായി.
പട്ടാപ്പകൽപോലും സ്ത്രീകൾക്കു നഗരത്തിലുടെ സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സന്ധ്യകഴിഞ്ഞാലുള്ള അവസ്ഥ പറയേണ്ടതില്ല.
നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള പിങ്ക് പോലീസിനെ കാണാനില്ല. ആളൊഴിഞ്ഞ സ്ഥലങ്ങളിലോ, വലിയ വൃക്ഷങ്ങളുടെ തണലിലോ വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കലാണ് പിങ്ക് പോലീസ് ചെയ്യന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഡ്യൂട്ടിക്കിടയിൽ സോഷ്യൽ മീഡിയയിലൂടെ വിനോദം കണ്ടെത്തലാണ് പിങ്ക് പോലീസ് ചെയ്യുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്.
ബേക്കർ ജംഗ്ഷൻ, സിഎംഎസ് കോളജ് റോഡ്, തിരുനക്കര ബസ് സ്റ്റാൻഡ്, കെഐസ്ആർടിസി, നാഗന്പടം, റെയിൽവേ സ്റ്റേഷൻ, ലോഗോസ് ജംഗ്ഷൻ, ശാസ്ത്രി റോഡ്, ജില്ലാ ജനറൽ ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും നേരെയുള്ള അതിക്രമങ്ങൾ പതിവായിരിക്കുകയാണ്.
പോലീസ് സ്ഥലത്തെത്തുന്പോഴേക്കും ഓടി രക്ഷപ്പെട്ടിട്ടുണ്ടാവും പ്രതികൾ. മാനഹാനി ഭയന്ന് പരാതി നൽകാതെ സ്ത്രീകളും മടങ്ങും.
അക്രമങ്ങൾ തുടരുന്നു
കഴിഞ്ഞ ദിവസം നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിനു മുന്നിൽവച്ചു യുവതിയെ കയറിപിടിച്ചയാൾ ഇടവഴിയിലുടെ ആളുകൾ നോക്കി നിൽക്കെയാണ് ഓടിമറഞ്ഞത്.
ഈ സമയം അവിടെയുണ്ടായിരുന്നവർ വിളിച്ചറിയിച്ചതനുസരിച്ചു പോലീസ് എത്തിയെങ്കിലും യുവതിയെ അപമാനിച്ചയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇനി ഇത്തരക്കാരെ പോലീസ് പിടികൂടിയാലും മാനസികരോഗികളാണെന്ന് മുദ്രകുത്തി വിട്ടയയ്ക്കുകയും ചെയ്യും.
നഗരത്തിൽ സ്ത്രീകൾ കുടുതലായി എത്തുന്ന സ്ഥലങ്ങളിൽ പിങ്ക് പോലീസ് നിരീക്ഷണവുമായി എത്തുമെന്നാണ് പറയുന്നതെങ്കിലും ഏതാനും നാളുകളായി പിങ്ക് പോലീസിനെ നഗരത്തിൽ കാണാനില്ലാത്ത സാഹചര്യമാണ്.
മാസങ്ങൾക്കു മുന്പാണ് നഗരത്തിൽ കെഐസ്ആർടിസി സ്റ്റാൻഡ് പരിസരത്തുവച്ചു സ്ത്രീയെ കടന്നുപിടിച്ചത്. പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉണർന്നുപ്രവർത്തിച്ചതു കൊണ്ടാണ് അയാൾ പിടിയിലായത്.
ബസ് സ്റ്റാൻഡുകൾ, ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നം മദ്യപരുടെ ശല്യമാണ്. നാഗന്പടം സ്റ്റാൻഡിൽ മദ്യപർ സ്ഥിരം പ്രശ്നമുണ്ടാക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു.
സ്ത്രീകൾക്കു നേരെ അതിക്രമങ്ങൾ നടത്തുന്നവരെ പിടികൂടാൻ പോലീസിനും താത്പര്യമില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടായി സ്ഥലത്തെത്തുന്ന പോലീസുകാർ സ്ത്രീകളുമായി സംസാരിച്ചു പരാതിയില്ലാതെ വിഷയം ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നത്.
ഇത്തരം ആളുകൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് പോലീസിന്റെ ഭാഷ്യം. ഇത്തരക്കാരെ പിടികൂടിയാൽ പോലീസിനുണ്ടാകുന്ന തലവേദനയും ചില്ലറയല്ല.