കോട്ടയം: തിരുവല്ലയിൽ നിന്നും കാണാതായ വയോധികയെ കണ്ടെത്തി ബന്ധുക്കളെ ഏല്പിച്ചു കോട്ടയത്തെ പിങ്ക് പോലീസ്.
തിരുവല്ല സ്വദേശിനിയായ ഓമനയെ(62)യാണ് ഇന്നലെ രാത്രി കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തു നിന്നും പിങ്ക് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഓമനയെ തിരുവല്ലയിലെ വീട്ടിൽ നിന്നും കാണാതായത്.
തുടർന്നു വീട്ടുകാർ പോലീസിൽ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംസ്ഥാനമാകെ വിവരം കൈമാറുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയായിലും വിവരം നല്‍കിയിരുന്നു.
ഇന്നലെ രാത്രിയിൽ പിങ്ക് പോലീസ് കഐസ്ആർടിസി സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും പട്രോളിംഗ് നടത്തുന്പോഴാണ് ഓമനയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുന്നത്.
തുടർന്നു പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ ബേബിമോളും സബിനയും ഇവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.പരസ്പര വിരുദ്ധമായ സംസാരിച്ചതോടെ പിങ്ക് പോലീസ് ഉദ്യോഗസ്ഥർ ഇവരെ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു.
ഈ സമയം എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫോണിൽ തിരുവല്ലയിൽ നിന്നും ഓമനയെ കാണാതായതിന്റെ ശബ്ദ സന്ദേശവും ചിത്രവും ലഭിക്കുകയും ചെയ്തിരുന്നു.
സംശയം തോന്നി ചിത്രം പരിശോധിച്ചതോടെ തിരുവല്ലയിൽ നിന്നും കാണാതായ ഓമനയാണെന്ന് കണ്ടെത്തുകയും വിവരം തിരുവല്ല പോലീസിനു കൈമാറുകയും ചെയ്തു.
ഈ സമയം പിങ്ക് പോലീസ് ഓമനയെ വനിത പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം ഭക്ഷണവും വെള്ളവും വാങ്ങി നല്കി വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കി.
രാത്രിയോടെ തിരുവല്ല പോലീസും ഓമനയുടെ ബന്ധുക്കളും കോട്ടയത്തെത്തി. ഇവരെ കാണാതായതുമായി ബന്ധപ്പെട്ടു കേസ് രജിസ്റ്റർ ചെയ്തതിനാൽ ഇന്നു കോടതിയിൽ ഹാജരാക്കിയശേഷമായിരിക്കും ഇവരെ ബന്ധുക്കൾക്കു കൈമാറുന്നത്.
ഈ സംഭവത്തോടെ കോട്ടയത്തെ പിങ്ക് പോലീസിനുള്ള പിന്തുണയും അഭിനന്ദവും വർധിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കു മുന്‍പ് പുതുതായി കടയിൽ നിന്നും വാങ്ങിയ ബാഗ് കീറിപ്പോയ യുവതിക്കു പുതിയ ബാഗ് മാറ്റി വാങ്ങി നല്കിയതും കോട്ടയത്തെ പിങ്ക് പോലീസായിരുന്നു.
പുതിയ ബാഗ് വാങ്ങിയ അന്നു തന്നെ കീറിപ്പോയപ്പോൾ ബാഗ് മാറ്റി നല്‍കണമെന്ന് കടക്കാരനോട് യുവതി ആവശ്യപ്പെട്ടെങ്കിലും കടയുടമ അതിനു തയാറായില്ലായിരുന്നു.
ഇതോടെയാണ് യുവതി പിങ്ക് പോലീസിന്റെ സഹായം തേടിയത്. പിങ്ക് പോലീസ് എത്തി ബാഗ് മാറ്റി നല്‍കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെ കടയുടമ പുതിയ ബാഗ് നല്‍കുകയായിരുന്നു.
ഇതിനു പുറമെ കെഎസ്ആർടിസി സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലുമായി യുവാവും പെണ്‍കുട്ടിയും കറങ്ങി നടക്കുന്നതു കണ്ടതോടെ പിങ്ക് ഉദ്യോഗസ്ഥ പെണ്‍കുട്ടിയോട് എത്ര വയസായി എന്നു ചോദിച്ചതോടെ യുവാവും പെണ്‍കുട്ടിയും ചേർന്നു മൊബൈലിൽ ഈ രംഗങ്ങൾ ചിത്രീകരിക്കുകയും പോലീസ് ഉദ്യോഗസ്ഥയോട് തട്ടിക്കയറുകയും ചെയ്യുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
ഇതോടെ പലരും പിങ്ക് പോലീസിനു പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.കോട്ടയം നഗരത്തിൽ എത്തുന്ന സ്ത്രീകൾക്കു സുരക്ഷ ഒരുക്കുന്നതിനായി ബസ് സ്റ്റാൻഡുകൾ, സ്ത്രീകൾ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മുഴുവൻ സമയവും പിങ്ക് പോലീസിന്റെ സേവനമുണ്ട്.