കോഴിക്കോട്: സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി ആഭ്യന്തരവകുപ്പ് ആരംഭിച്ച പിങ്ക് പോലീസ് പദ്ധതി കിതയ്ക്കുന്നു. അംഗബല കുറവും ഓഫീസര്‍മാരുടെ അഭാവവുമാണ് സ്ത്രീ സുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതിയ്ക്ക് തടസമായി നില്‍ക്കുന്നത്. കോഴിക്കോട് സിറ്റിയില്‍ 22 പേരുടെ തസ്തികകളാണ് പിങ്ക് പോലീസിലുള്ളത്. എന്നാല്‍ 16 പേര് മാത്രമാണിപ്പോള്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നത്. കൂടാതെ മൂന്ന് ഓഫീസര്മാരുണ്ടായിരുന്നിടത്ത് ഇന്ന് ഒരാള്‍ പോലുമില്ല. ഇതോടെ കോഴിക്കോട് നഗരത്തിലെ പിങ്ക് പോലീസിന്റെ സേവനം പേരില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.
മൂന്നു കാറുകളാണ് കോഴിക്കോട് സിറ്റിയ്ക്ക് ആഭ്യന്തരവകുപ്പ് അനുവദിച്ചത്. ഈ മൂന്നു കാറിലും മൂന്ന് ഓഫീസര്‍മാര്‍ വേണമെന്നാണ് നിബന്ധന. നേരത്തെ മൂന്നു ഓഫീസര്‍മാര്‍ പിങ്ക് പോലീസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ വിരമിക്കുകയും മറ്റുള്ള രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തു. എഎസ്ഐ മുതലുള്ള റാങ്കിലുള്ളവര്‍ പിങ്ക് പോലീസിന്റെ വാഹനത്തിലുണ്ടാവണമെന്നായിരുന്നു ഡിജിപിയുടെ നിര്‍ദേശം.
എന്നാല്‍ കോഴിക്കോട് സിറ്റിയില്‍ വനിതാ സിവില്‍പോലീസ് ഓഫീസര്‍മാര്‍ മാത്രമാണിപ്പോള്‍ വാഹനത്തിലുണ്ടാവുന്നത്. ഓഫീസര്മാരില്ലാത്ത് അടിയന്തിര ഘട്ടങ്ങളില്‍ നടപടികള്‍ സ്വീകരിക്കുന്നതിനും തടസമാവുന്നുണ്ട്. മേലുദ്യോഗസ്ഥരുടെ നടപടികള്‍ക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ് വനിതാ സിവില്‍പോലീസ് ഓഫീസര്‍മാര്‍ക്കുള്ളത്. ആള്‍ക്ഷാമവും ഓഫീസര്‍മാരില്ലാത്തതും പിങ്ക് പോലീസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
സ്കൂള്‍ പോയിന്റുകളിലും പകല്‍സമയം നഗരത്തിലൂടെ പട്രോളിംഗ് നടത്തുന്നതിനും പിങ്ക് പോലീസിലെ അംഗബല കുറവ് സാരമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ് ഉന്നതപോലീസുദ്യോഗസ്ഥര്‍.
2016 ലാണ് സംസ്ഥാനത്ത് പിങ്ക് പോലീസ് സേവനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമായിരുന്നു പിങ്ക് പോലീസ് പദ്ധതി നടപ്പാക്കിയിരുന്നത്.
സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളെ കുറിച്ചും സുരക്ഷ സംബന്ധിച്ചും പോലീസ് കണ്ട്രോള് റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും തുടര്‍ന്ന് എത്രയും വേഗം പിങ്ക് പോലീസിന്റെ സേവനം ലഭ്യമാക്കുകയുമായിരുന്ന ലക്ഷ്യം.
പൊതുസ്ഥലങ്ങളിലും സ്കൂള്‍, കോളജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍ , ആരാധനാലയങ്ങള്‍ തുടങ്ങി സ്ഥലങ്ങളിലും ഈ സംഘം പട്രോളിംഗ് നടത്തിയിരുന്നു. പ്രധാനമായും സ്ത്രീകളേയും പെണ്‍കുട്ടികളേയും പിന്തുടര്ന്ന് ശല്യം ചെയ്യുന്നവരെയായിരുന്നു പിങ്ക് പോലീസ് ശ്രദ്ധിച്ചിരുന്നത്.
ഇവരെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ മദ്യപിച്ച് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവര്ക്കെതിരേ പരാതി ലഭിച്ചാലും പിങ്ക് പോലീസ് ഇടപെട്ടിരുന്നു. മൂന്നുവര്‍ഷം കൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ രീതിയില്‍ സേവനം നല്കിയ പദ്ധതിയാണിപ്പോള്‍ അംഗബലമില്ലാത്തതിന്റെ പേരില്‍ കിതയ്ക്കുന്നത്.